1600 വർഷം പഴക്കമുള്ള വൈൻ ഫാക്ടറി കണ്ടെത്തി പുരാവസ്തു ഗവേഷകർ
text_fieldsപുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ നമ്മെ എപ്പോഴും അതിശയിപ്പിച്ചു കൊണ്ടേയിരിക്കുന്ന ഒന്നാണ്. അത്തരത്തിൽ അദ്ഭുതമാവുകയാണ് തുർക്കിഷ് കുന്നുകൾക്ക് താഴെ കണ്ടെത്തിയ 1600 വർഷം പഴക്കമുള്ള വൈൻ ഫാക്ടറി. മുന്തിരി ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ, വെള്ളം നിറച്ച് വെക്കാൻ ഉപയോഗിക്കുന്ന വിന്‍റേജ് പാട്ടകൾ, മുന്തിരി അരക്കുന്നതിനുള്ള കല്ലുകൾ എന്നിവയാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്.
മെഡിറ്ററേനിയൻ പ്രദേശത്ത് നിന്ന് മുമ്പ് കണ്ടെത്തിയിട്ടുള്ള റോമൻ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുമായി സാമ്യത ഉണ്ട് ഈ പഴക്കമേറിയ വൈൻ ഫാക്ടറിയിലെ സാധനങ്ങൾക്ക്. അക്കാലത്ത് തടി കൊണ്ടുള്ള ബീമുകളിലാണ് മുന്തിരി പിഴിഞ്ഞ് ചാറെടുത്ത് കൽ പാത്രങ്ങളിലേക്ക് മാറ്റിയിരുന്നത്. ശേഷം കളിമൺ പാത്രങ്ങളിൽ ഫെർമന്‍റേഷനു വേണ്ടി മാറ്റി വെക്കും.
നാലാം നൂറ്റാണ്ടിൽ തുർക്കിയിൽ ക്രിസ്തു മതം വ്യാപിക്കുന്ന സമയത്ത് ഉണ്ടായിരുന്നതാണ് വൈൻ ഫാക്ടറി എന്നാണ് ഗവേഷകർ കരുതുന്നത്. ക്രമ രഹിതമായ കല്ല് കൊണ്ടാണ് നിർമിച്ചിരിക്കുന്നതെങ്കിലും കെട്ടിടം അടിയുറപ്പുള്ളതാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.
റോമൻ കാലഘട്ടത്തിൽ ഒരു വ്യാവസായിക മേഖലയായിരുന്നിരിക്കണം പ്രദേശം എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ഏകദേശം 37 ഏക്കറിലാണ് ഈ ചരിത്ര അവശേഷിപ്പുകൾ വ്യാപിച്ചു കിടക്കുന്നത്. മേഖലയിൽ കൂടുതൽ ഗവേഷണം നടത്തി പുരാവസ്തു സംരക്ഷിത മേഖലയായി രജിസ്റ്റർ ചെയ്യാനാണ് അധികൃതരുടെ തീരുമാനം.


