വ്യത്യസ്തനാമൊരു മാത്യൂസ്; വേറിട്ട രുചിക്കൂട്ടും
text_fieldsമാത്യൂസ് അബ്രഹാം
കോഴിക്കോട്: ‘പായസപ്പെരുമ’യിലെ 20 മത്സരാർഥികളിൽ വ്യത്യസ്തനാമൊരു മാത്യൂസായി തിരുവനന്തപുരത്ത് നിന്നെത്തിയ മാത്യൂസ് എബ്രഹാം കാണികൾക്ക് രുചിവൈവിധ്യങ്ങൾ സമ്മാനിച്ച് മൂന്നാം സ്ഥാനവുമായി മടങ്ങി. ടെക്നോപാർക്കിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മലയാളികൾക്ക് സുപരിചിതമല്ലാത്ത ചേരുവകളുമായാണ് മാത്യൂസ് എത്തിയത്.
പഴുത്ത ചക്ക, മാങ്ങ, ചെറുപഴം എന്നിവ ഉണക്കിയതും കറുത്ത അരിയും ഉപയോഗിച്ചുള്ള പായസം രുചിയിൽ ഏറെ കേമമായി. പുതിയ രുചിക്കൂട്ട് പരിചയപ്പെടുത്തി, അത് ആരെയും ആകർഷിക്കുംവിധം അവതരിപ്പിക്കുക കൂടി ചെയ്തതോടെ, അനായാസം മാത്യൂസ് ഫൈനൽ റൗണ്ടിലെത്തി.
പുതിയ പരീക്ഷണങ്ങളായിരുന്നു മാത്യൂസിന്റേതെന്ന് വിധികർത്താക്കളും അഭിപ്രായപ്പെട്ടു. നാട്ടിൽ സുലഭമായതും എന്നാൽ, ആളുകൾ അവഗണിക്കുന്നതുമായ പഴങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി മികച്ച രുചിക്കൂട്ട് തയാറാക്കാൻ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു മാത്യൂസ്.
ടെക്നോപാർക്കിലെ യു.എസ്.ടി സോഫ്റ്റ്വെയർ കമ്പനിയിലെ മാനേജറായ മാത്യൂസിന് പാചകവും കൃഷിയും വിനോദമാണ്. ടെക്നോപാർക്കിലെ മത്സരങ്ങളിൽ മാത്രം പങ്കെടുത്തിരുന്ന ഇദ്ദേഹം ആദ്യമായാണ് പൊതു മത്സരവേദിയിലെത്തുന്നത്.
നേരത്തെ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള പുരസ്കാരവും മാത്യൂസിനെ തേടിയെത്തിയിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയാണ്. ഭാര്യ സിന്ധു ടെക്നോ പാർക്കിയിൽ ജോലി ചെയ്യുന്നു. മകൾ നിഖിത.