കയ്യുത്താത്തയുടെ രുചിക്കൂട്ടുകൾ
text_fields1. ബിന്ദുവും സിനിയയും 2. പഠനകാലത്തെ ചിത്രം
അന്ന് നോമ്പിനെ പറ്റി ഒന്നും അറിയില്ല. ഉണ്ടാക്കിത്തരുന്ന ഫുഡ് അടിക്കുക അതായിരുന്നു പതിവ്. ഒരേ ക്ലാസിൽ സിനിയക്കൊപ്പം പഠിക്കുന്ന കാലത്ത് അറബി ഭാഷയടക്കം എഴുതി പഠിച്ചിരുന്നു. ഒരു വീട് പോലെയായിരുന്നു കൊടുങ്ങല്ലൂരിൽ കഴിഞ്ഞിരുന്നത്. പിന്നീട് മറ്റൊരു വീടുണ്ടാക്കി അവർ താമസം മാറിയപ്പോൾ സങ്കടക്കടലായിരുന്നു
കുഞ്ഞുനാൾ മുതൽ എക്കാലവും ഓർമിക്കുന്ന നാളുകളാണ് റമദാൻ കാലം. തറവാടായിരുന്ന കൊടുങ്ങല്ലൂരിൽ നിന്നുമാണ് കുഞ്ഞുനാളിലെ മധുരമുള്ള ഓർമകളുടെ തുടക്കം. മധുരമെന്ന് മാത്രം പറയാൻ കഴിയില്ല രുചി വൈഭവങ്ങളുടെ കാലമാണത്. സിനിയയായിരുന്നു കുഞ്ഞുനാളിലെ കൂട്ട്.
അധ്യാപികയായിരുന്ന അമ്മയുടെ കൂട്ടുകാരി ടീച്ചറുടെ മകളാണ് സിനിയ. അവൾ കൊണ്ടുതരുന്ന പലഹാരങ്ങളാണ് റമദാൻ നാളുകളെ കുറിച്ചുള്ള ആദ്യ ഓർമകൾ. സിനിയയുടെ വീട്ടിലെ കയ്യുത്താത്തയാണ് ഈ രുചിക്കൂട്ടുകൾക്ക് പിന്നിൽ. കുഞ്ഞുനാളിൽ ഇവർ ഉണ്ടാക്കിത്തന്ന രുചിയോടെ കഴിച്ച പത്തിരിയും ചിക്കൻ കറിയും തന്നെയാണ് ഇന്നും ഇഷ്ടവിഭവം. പിന്നെ നെയ്ച്ചോറും.
അന്ന് നോമ്പിനെ പറ്റി ഒന്നും അറിയില്ല. ഉണ്ടാക്കിത്തരുന്ന ഫുഡ് അടിക്കുക, അതായിരുന്നു പതിവ്. ഒരേ ക്ലാസിൽ സിനിയക്കൊപ്പം പഠിക്കുന്ന കാലത്ത് അറബി ഭാഷയടക്കം എഴുതിപ്പഠിച്ചിരുന്നു. ഒരു വീട് പോലെയായിരുന്നു കൊടുങ്ങല്ലൂരിൽ കഴിഞ്ഞിരുന്നത്.
പിന്നീട് മറ്റൊരു വീടുണ്ടാക്കി അവർ താമസം മാറിയപ്പോൾ സങ്കടക്കടലായിരുന്നു. എട്ടാംതരത്തിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ അച്ചന്റെ നാടായ ഇരിങ്ങാലക്കുയിലേക്ക് മാറുന്നത്. വിവാഹം കഴിഞ്ഞതോടെ സിനിയ തൃശൂർ കാളത്തോടാണ് താമസമെങ്കിലും ഇന്നും നല്ല ബന്ധമാണ്.
കയ്യുത്താത്ത
തുടർപഠന കാലത്താണ് വ്രതാനുഷ്ഠാനങ്ങളെ പ്പറ്റിയും അതിന്റെ മഹത്ത്വം, ത്യാഗം എന്നിവയെപ്പറ്റി അറിയുന്നതും പഠിക്കുന്നതും. പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഹോസ്റ്റലിൽ നിന്നു പഠിക്കുമ്പോൾ നോമ്പനുഷ്ഠിക്കുന്ന സഹപാഠികൾക്കുള്ള ഭക്ഷണത്തിലും പങ്കാളിയാകും. തരിക്കഞ്ഞിയടക്കമുള്ള ഭക്ഷണങ്ങളുടെ രുചി വൈഭവങ്ങൾ ഇന്നും മനസ്സിലുണ്ട്.സിനിയക്കൊപ്പം കഴിച്ച പത്തിരിയും ചിക്കൻ കറിയും അത്രക്ക് ഇഷ്ടമായി ജീവിതത്തെ സ്വാധീനിച്ചു.
തൃശൂരിൽ പഠിക്കുമ്പോൾ മലപ്പുറത്തെ കൂട്ടുകാരികൾ കൊണ്ടുവരുന്ന ഭക്ഷണങ്ങൾ കാത്തിരിക്കുന്നതും പതിവായിരുന്നു. എല്ലാ ഓണക്കാലത്തും വിജയേട്ടന്റെ (സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ) സുഹൃത്തുക്കളായ ലത്തീഫ്, ഷൗക്കത്ത് ,അബ്ദുക്ക എന്നിവർ വീട്ടിലെത്താറുണ്ട്. തിരിച്ച് പെരുന്നാൾ ഭക്ഷണം കഴിക്കാൻ വിജയേട്ടനും പോകും.
വീട്ടിലേക്കുള്ള ഭക്ഷണവും അവർ കൊടുത്തുവിടും. തൃശൂർ മേയറായിരുന്ന കാലത്ത് നിരവധി ഇഫ്താർ പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. മറ്റുള്ളവരെ സൽക്കരിക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് മുസ്‍ലിം സമുദായത്തിലെ സഹോദരങ്ങൾ. ജീവിതത്തിന്റെ തിരക്കുകളും വിവിധ മരുന്നുകൾ കഴിക്കുന്നതും കാരണം നോമ്പെടുക്കാൻ കഴിയാത്ത നിരാശ വ്യക്തിപരമായുണ്ട്.