ബിഹാറിന്റെ പോഹ, കർണാടകയുടെ റാഗി മുദ്ദെ, കേരളത്തിന്റെ പുട്ടും കടലയും... ഇന്ത്യയുടെ രുചിമേളവുമായി ഷെഫ് ദിനാഘോഷം
text_fieldsഅന്താരാഷ്ട്ര ഷെഫ് ദിനാഘോഷത്തിനോടനുബന്ധിച്ച് കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ഒരുക്കിയ വിവിധ ഭക്ഷ്യരീതികൾ പരിചയപ്പെടുത്തുന്ന ‘എപിക്യൂറിയൻ ഒഡീസി’ പ്രദർശനം
കണ്ണൂർ: ബിഹാറിന്റെ സ്വന്തം പോഹ, കർണാടകയുടെ റാഗി മുദ്ദെ, കേരളത്തിന്റെ പുട്ടും കടലയും, ബംഗാളിന്റെ ഇംലി ചട്ണി തുടങ്ങി ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളുടെയും തനത് രുചിവൈവിധ്യങ്ങൾ അണിനിരന്നപ്പോൾ കണ്ടുനിന്നവരുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം. മിത്ത, മൂംഗ് ദാൽ ഹൽവ, കേസരി, ടോക്രി ചാറ്റ്, ഖുർമ, ചിൽക്ക റൊട്ടി, മോമോസ് തുടങ്ങി 28 വിഭവങ്ങളാണ് ഒറ്റ ടേബിളിൽ പ്രദർശനത്തിനൊരുക്കിയത്.
അന്താരാഷ്ട്ര ഷെഫ് ദിനാഘോഷത്തിനോടനുബന്ധിച്ച് കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് രുചിയുടെ മേളപ്പെരുക്കവുമായി വിവിധ ഭക്ഷ്യരീതികൾ പരിചയപ്പെടുത്തുന്ന ‘എപിക്യൂറിയൻ ഒഡീസി’ പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യയുടെ വലിയ ഭൂപടം തയാറാക്കി, അതിൽ ഓരോ സംസ്ഥാനങ്ങളുടെയും മുകളിൽ അവരുടെ വിഭവങ്ങൾ നിരത്തി വെച്ചാണ് പരിചയപ്പെടുത്തിയത്.
ഷെഫ് ദിനമായ ഒക്ടോബർ 20ന് കണ്ണൂർ പൊലീസിന്റെ അക്ഷയപാത്രത്തിലേക്കുള്ള പൊതിച്ചോർ വിതരണത്തോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. വിവിധ മത്സരങ്ങൾ, ഫ്രൂട്ട് കാർവിങ് ആർട്ട് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഫുഡ് പ്രൊഡക്ഷൻ വിഭാഗം ആണ് പരിപാടി നടത്തിയത്.
സമാപനച്ചടങ്ങിൽ കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ട് എക്സിക്യൂട്ടിവ് ഷെഫ് ടി.ആർ. രാജീവ്, എഫ് ആൻഡ് ബി മാനേജർ അജയ് നാഷ് എന്നിവർ മുഖ്യാതിഥികളായി. പ്രിൻസിപ്പൽ പി.ആർ. രാജീവ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ വി. പ്രശാന്ത്, വി. ജയശ്രീ, നിതിൻ നാരായണൻ, എം.കെ. പ്രദീഷ് എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് കോഡിനേറ്റർമാരായ ടി.പി. അതുല്യ സ്വാഗതവും പി. ശ്രുതി നന്ദിയും പറഞ്ഞു.