നാലു തലമുറകൾക്ക് വിരുന്നൂട്ടി ഖദീജ ബീവി
text_fieldsഖദീജ ബീവി
നാലു തലമുറകൾക്ക് വിരുന്നൂട്ടിയ ഖദീജ ബീവി സ്കൂൾ പാചക രംഗത്ത് 41 വർഷം പിന്നിട്ട് മുമ്പോട്ട്. തമ്പകച്ചുവട് ഗവ.യു.പി സ്കൂളിലെ പാചക തൊഴിലാളിയായ മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് അമ്പനാകുളങ്ങര പൊക്കലേച്ചിറയിൽ ഖദീജ ബീവിയാണ് 62ാം വയസ്സിലും കുരുന്നുകൾക്ക് ആഹാരം പാചകം ചെയ്ത് ജീവിതത്തിൽ സംതൃപ്തി നേടുന്നത്.
21ാം വയസ്സിലാണ് ജോലിക്ക് കയറിയത്. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും മറ്റൊരാളെ ആശ്രയിക്കാതെ മുമ്പോട്ടുപോകണമെന്ന ദൃഢനിശ്ചയത്തിലാണ് കേവലം ദിവസം അഞ്ച് രൂപ കൂലിയിൽ ജോലി തുടങ്ങിയത്. ഇന്ന് ജീവിക്കാൻ അനുകൂല ചുറ്റുപാടുകളുണ്ട്. ജോലിക്ക് പോകേണ്ടെന്ന മക്കളുടെ സ്നേഹശാസനയുണ്ട്. എന്നാലും തനിക്ക് ഈ ജോലി സമ്മാനിക്കുന്നത് കേവലം പണത്തിനപ്പുറമുള്ള ആത്മസംതൃപ്തിയാണ് എന്ന് ഖദീജ പറയും.
1984 മാർച്ച് 24 നാണ് ആദ്യമായി ജോലിക്ക് കയറിയത്. 60 കിലോ അരിയും 30 കിലോ പയറുമായിരുന്നു അന്ന് പാചകം ചെയ്തിരുന്നത്. ഇന്ന് കാലം മാറി. കുട്ടികൾക്ക് കൊടുക്കേണ്ട ഭക്ഷണ മെനു മാറി. ഇപ്പോൾ ചോറും കറികളും ഉൾപ്പെടെ ഊണ് തയാറാക്കുന്നു. 1200ഓളം കുട്ടികൾ സ്കൂളിലുണ്ട്. സഹായത്തിന് ഇപ്പോൾ രണ്ട് ജീവനക്കാർ കൂടിയുണ്ട്. ഗിരിജയും, പുഷ്പയും. നാല് തലമുറകൾക്ക് ആഹാരം വിളമ്പാൻ കഴിഞ്ഞതാണ് ഖദീജയെ ഏറെ സന്തോഷവതിയാക്കുന്നത്.
പ്രധാനാധ്യാപകരും അധ്യാപകരുമുൾെപ്പടെ തന്നോടൊപ്പം പ്രവർത്തിച്ച പലരും ജോലിയിൽ നിന്ന് വിരമിച്ചു. ഇപ്പോൾ 17ാമത്തെ ഹെഡ്മിസ്ട്രസിനൊപ്പമാണ് ജോലി ചെയ്യുന്നത്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ ഉഷാകുമാരി ആണ് സ്കൂളിലെ പ്രധാനാധ്യാപിക. കുഞ്ഞ് അഹമ്മദാണ് ഖദീജ ബീവിയുടെ ഭർത്താവ്. ആപ്പൂർ മുഹ്യുദ്ദീൻ ജുമ മസ്ജിദ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഷാജഹാൻ ആപ്പൂർ, ഷാഹുൽ ഹമീദ്, റുഖിയ എന്നിവർ മക്കളാണ്.