പീരുമേടിന്റെ ഒറ്റയാൾ രുചിക്കട
text_fieldsലക്ഷ്മി അക്കായുടെ പലഹാരക്കട
ലക്ഷ്മി അക്കയുടെ കടയിലെ ചായയുടെയും പലഹാരങ്ങളുടെയും രുചി അറിയാത്തവർ പീരുമേട് മേഖലയിലുണ്ടാവില്ല. ചൂട് ചായക്കൊപ്പം തേങ്ങചമ്മന്തിയിലും തക്കാളിചമ്മന്തിയിലും മുക്കി ഉഴുന്ന് വട കഴിക്കുന്ന രുചി നാവിൽനിന്ന് മാറുകയില്ല. 68 വയസ്സ് പിന്നിടുമ്പോഴും പെട്ടി കടയിൽ ചായയും പലഹാരങ്ങളുമായി ലക്ഷ്മിയക്ക സജീവമാണ്.
ഒറ്റക്കാണ് പാചകവും കടയുടെ മേൽനോട്ടവും എല്ലാം. ദിവസവും ഉച്ചക്ക് ഒരു മണിക്ക് കട തുറക്കും. ഉഴുന്ന് വട, പരിപ്പ് വട, പഴംപൊരി, മസാല ബോണ്ട, മുട്ട ബജി, കായ് ബജി എല്ലാം ചൂടോടെ ലഭിക്കും. 20 വർഷത്തിലധികമായി പോസ്റ്റ് ഓഫിസിന് മുന്നിലാണ് കട പ്രവർത്തിക്കുന്നത്. വീട്ടിൽനിന്ന് പലഹാരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുകയും കടയിൽ പാകം ചെയ്യുകയുമാണ്.
ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് ചേർത്താണ് ചെറുകടികൾ ഉണ്ടാക്കുന്നത്. 2016ൽ ഭർത്താവ് മുരുകേശൻ മരിച്ചു. അതിന് ശേഷം ലക്ഷ്മി അക്ക ഒറ്റക്കാണ് കട നടത്തുന്നത്. മുത്ത് ലക്ഷ്മിക്ക് മൂന്ന് മക്കളായിരുന്നു. ഒരാൾ മരണപ്പെട്ടു. പെൺമക്കളെ രണ്ടും പേരെയും വിവാഹം ചെയ്തയച്ചതിനാൽ വീട്ടിൽ ഒറ്റക്കാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും കടയിൽ ജോലി തുടങ്ങിയാൽ അതെല്ലാം മറക്കും.