താബൂൻ ബ്രെഡിന്റെ കഥ, ഫലസ്തീൻ സംസ്കാരത്തിന്റെയും..
text_fieldsതാബൂൻ ബ്രെഡ്
‘‘ഒലിവിന്റെ മണ്ണിൽ നൂറ്റാണ്ടുകൾകൊണ്ട് ഉരുത്തിരിഞ്ഞുവന്ന വിഭവങ്ങളെ പുസ്തകത്തിലാക്കാൻ രണ്ടു വർഷം മുമ്പ് തുടക്കം കുറിച്ചപ്പോൾ ഞാൻ കരുതിയില്ല, എന്റെ കുക്ക് ബുക്ക് പുറത്തിറങ്ങുമ്പോൾ ഫലസ്തീൻ ദേശം ഇങ്ങനെയായിത്തീരുമെന്ന്.’’ -ഫലസ്തീൻ വിഭവങ്ങൾക്ക് ആദരമർപ്പിച്ച് ‘ബത്ലഹേം; എ സെലിബ്രേഷൻ ഓഫ് ഫലസ്തീനിയൻ ഫുഡ് ’ എന്ന പേരിൽ പുസ്തകമിറക്കിയ ഫ്രഞ്ച്-ഫലസ്തീനിയൻ ഷെഫ് ഫാദി ഖത്താൻ പറയുന്നു.
ഏറെ അധ്വാനത്തിനൊടുവിൽ പുസ്തകം പുറത്തിറക്കിയെങ്കിലും ഇപ്പോൾ അതേക്കുറിച്ച് സംസാരിക്കണമോ വേണ്ടേയോ എന്ന ആശയക്കുഴപ്പത്തിലാണ് താനെന്നും ബത്ലഹേമുകാരനായ ഖത്താൻ കൂട്ടിച്ചേർക്കുന്നു.
എങ്കിലും ഏതൊരു പ്രതിസന്ധിക്കിടയിലും ഒരു സാധ്യതയുണ്ടെന്നും, ലണ്ടനിൽ ‘അകൂബ്’ എന്ന പേരിൽ ഒരു ആധുനിക ഫലസ്തീനിയൻ ഭക്ഷണശാല സ്ഥാപിച്ച അദ്ദേഹം പറയുന്നു. ഇസ്രായേൽ അധിനിവേശത്തിൽ ചുരുങ്ങിപ്പോയ ഒരു ബത്ലഹേം കുടുംബത്തിലെ അംഗമാണ് ഖത്താൻ.
‘‘ഈയൊരു ഭീകരാവസ്ഥ ഞങ്ങളാരും ചിന്തിച്ചുപോലുമില്ല. അതേസമയം, ഞങ്ങൾക്ക് ഇത്തരം പാരമ്പര്യങ്ങൾ പറയേണ്ടത് ആവശ്യമാണുതാനും. ഞങ്ങൾ ഫലസ്തീനികൾ ആരാണെന്നും എന്താണെന്നും ലോകം അറിയേണ്ടതുണ്ട്, ചിലർ ഫലസ്തീനികളെ മനുഷ്യത്വരഹിതമായി ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോൾ പ്രത്യേകിച്ചും.’’ -ഖത്താൻ വിശദീകരിക്കുന്നു.
പാരമ്പര്യമേറെയുള്ള താബൂൻ ബ്രെഡ് ഉൾപ്പടെ അറുപതിലേറെ റെസിപ്പികൾ ‘ബത്ലഹേമി’ലുണ്ട്. കോളി ഫ്ലവർ മക്ലൗബ, സ്റ്റഫ്ഡ് വഴുതന എന്നിവയുമുണ്ട്. ഫ്രെഞ്ച്, ഇറ്റാലിയൻ പോലെ ഫലസ്തീൻ വിഭവങ്ങളും ആളുകൾക്ക് എളുപ്പം തയാറാക്കാൻ കഴിയണമെന്നാണ് കുക് ബുക്കിന്റെ ലക്ഷ്യമെന്നും ഖത്താൻ വ്യക്തമാക്കുന്നു.
ഫലസ്തീൻ ഭക്ഷണത്തിന്റെയും സംസ്കാരത്തിന്റെയും പൈതൃകം ഇസ്രായേൽ ഏറ്റെടുക്കുന്നതിനെക്കുറിച്ചും ഖത്താൻ സംസാരിക്കുന്നു. ‘‘ഞാൻ വഴക്കിനില്ല. എനിക്ക് ഞങ്ങളുടെ കഥ പറഞ്ഞാൽ മതി. കാരണം ഞങ്ങളുടെ കഥയാണ് യഥാർഥ കഥ’’ -അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.