അതിർത്തിക്കപ്പുറം ചക്കക്ക് സുവർണകാലം
text_fieldsനെടുങ്കണ്ടം: ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി അംഗീകരിച്ചെങ്കിലും സംസ്ഥാനത്ത് മൂല്യവര്‍ധിത ഉല്പന്നമായി മാറ്റാൻ നടപടിയില്ല. എന്നാൽ, വന്‍തോതില്‍ ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നവ അവിടങ്ങളിലെ ഇഷ്ടമൂല്യവർധിത ഉൽപന്നങ്ങളാണ്. മായമില്ലാത്ത ഭക്ഷണവസ്തു എന്ന നിലയില്‍ പോഷക ഗുണങ്ങളടങ്ങിയ ഔഷധമാണെന്ന തിരിച്ചറിവുണ്ടെങ്കിലും മലയാളി ഇത് കാര്യമാക്കുന്നില്ല. എന്നാൽ, തമിഴ്നാട്ടുകാർക്ക് ‘സക്കപ്പളം’ പ്രിയപ്പെട്ടതാണ്.
ഇവിടെനിന്ന് കൊണ്ടുപോകുന്ന ചക്ക തമിഴ്നാട്ടിലെത്തിച്ച് പഴുപ്പിച്ച ശേഷം ചുളയെണ്ണത്തിനും കിലോക്കും വില്‍ക്കുകയാണ്. തമിഴ്നാട്ടിലും മറ്റും വിപണിയില്‍ ഒന്നിന് 150 മുതല്‍ 250 രൂപവരെ വില നല്‍കണം. മൂപ്പാകുന്നതിനു മുമ്പ് ഇടിച്ചക്കയായും കയറി പോകുന്നുണ്ട്. ഇപ്പോള്‍ പ്ലാവുകളുടെ എണ്ണത്തിലും വന്‍കുറവാണ് ഉണ്ടായിരിക്കുന്നത്.
ദിനേന ഹൈറേഞ്ചില്നിന്നുമാത്രമായി നാലും അഞ്ചും ലോഡ് ചക്കയാണ് സംസ്ഥാനം കടക്കുന്നത്. മുമ്പ് തമിഴ്നാട്ടിലേക്കായിരുന്നു കൂടുതൽ കയറ്റി അയച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഡല്‍ഹിക്കും ലോഡ് പോകുന്നുണ്ട്. വീട്ടുകാരന് ബുദ്ധിമുട്ടാകുമ്പോള്‍ കുറഞ്ഞവില വാങ്ങിയാണ് ഇവ നീക്കുന്നത്. ഏലം കൃഷി നശിക്കാതിരിക്കാന്‍ മൂപ്പെത്തും മുമ്പ് വെട്ടിക്കളയുന്നുമുണ്ട്.
എന്നാല്‍, ചക്കയില്‍നിന്ന് ഹല്‍വ, അവലോസുണ്ട, ഉണ്ണിയപ്പം, മുറുക്ക്, കുമ്പിള് അപ്പം, ഉപ്പേരി, ജാം, അച്ചാര്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഉല്പാദിപ്പിക്കാനാകും. ചക്കകൊണ്ട് ബിരിയാണി, ബജി, പക്കാവട, മുറുക്ക്, വട, ചക്ക വറുത്തത്, മസാല, ജാം, ഹല്‍വ, പുഡിങ്, കുമ്പിള്, വൈന്‍ തുടങ്ങിയവയും ഉണ്ടാക്കാം. 50 കോടി ടണ്‍ ചക്കവരെയാണ് കേരളത്തില്‍ വിളയുന്നത്. ഇതില്‍ ഒരു ശതമാനംപോലും മൂല്യവര്‍ധിത ഉല്പന്നമായി മാറ്റുന്നില്ല. സര്‍ക്കാര്‍ ഇടപെട്ടാല്‍ ചക്കക്കും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു.