Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും മികച്ച ചായയെന്ന പദവി ഇന്ത്യൻ 'മസാല ചായ'ക്ക്; പട്ടികയിൽ ഇടം നേടി മലയാളികളുടെ പ്രിയ 'സുലൈമാനി'യും

text_fields
bookmark_border
ലോകത്തിലെ ഏറ്റവും മികച്ച ചായയെന്ന പദവി ഇന്ത്യൻ മസാല ചായക്ക്; പട്ടികയിൽ ഇടം നേടി മലയാളികളുടെ പ്രിയ സുലൈമാനിയും
cancel

ഒരു കപ്പ് ചൂട് ചായക്ക് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഈ ദുനിയാവിലുണ്ടോ? ചായപ്രേമികളോട് ചോദിച്ചാൽ 'ഇല്ല' എന്നേ പറയൂ. ഇന്ത്യക്കാരെ സംബന്ധിച്ച് ചായ എന്നത് വെറുമൊരു പാനീയം മാത്രമല്ല, അതൊരു വികാരമാണ്. ഒരു നല്ല സംഭാഷണത്തിന് തുടക്കമിടാനും, ജോലിത്തിരക്കുകൾക്കിടയിൽ ഒന്ന് റീഫ്രഷ് ആകാനും, എന്തിന് മനസ്സിനൊരു സമാധാനം കിട്ടാൻ പോലും നമ്മൾ ആദ്യം ആശ്രയിക്കുന്നത് ഈ ചായയെയാണ്.

ഇപ്പോൾ ഇതാ ലോകമെമ്പടുമുള്ള ചായപ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. പ്രശസ്ത അന്താരാഷ്ട്ര ഫുഡ് ഗൈഡായ 'ടേസ്റ്റ് അറ്റ്ലസ്' ലോകത്തിലെ ഏറ്റവും മികച്ച 100 ചായകളുടെ പട്ടിക പുറത്തുവിട്ടപ്പോൾ, അതിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് നമ്മുടെ സ്വന്തം 'മസാല ചായ'യാണ്!

മസാല ചായ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേറെയും ചായകൾ ഈ പട്ടികയിൽ മികച്ച സ്ഥാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സുഗന്ധം കൊണ്ട് ലോകം കീഴടക്കിയ ഡാർജിലിങ് ചായ ആറാം സ്ഥാനത്തും, കടുപ്പമേറിയ അസം ചായ 13-ാം സ്ഥാനത്തുമുണ്ട്. കൂടാതെ നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട സുലൈമാനി 39-ാം സ്ഥാനവും, ഹിമാചൽ പ്രദേശിലെ കാംഗ്ര ചായ 41-ാം സ്ഥാനവും സ്വന്തമാക്കി. കശ്മീരികളുടെ പ്രിയപ്പെട്ട പിങ്ക് നിറത്തിലുള്ള 'നൂൺ ചായ' 43-ാം സ്ഥാനത്തുണ്ട്. ഇന്ത്യയിലെ ചായ സംസ്കാരം എത്രത്തോളം വൈവിധ്യമാർന്നതാണെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം.

ഇന്ത്യൻ ചായകൾക്ക് കടുത്ത മത്സരം നൽകി മറ്റ് രാജ്യങ്ങളിലെ ചായകളും പട്ടികയിൽ മുന്നിലുണ്ട്. ജപ്പാനിലെ വറുത്ത ഗ്രീൻ ടീ ആയ 'ഹോജിചാ' രണ്ടാം സ്ഥാനത്തും, ശ്രീലങ്കയുടെ പ്രശസ്തമായ 'സിലോൺ ബ്ലാക്ക് ടീ' മൂന്നാം സ്ഥാനത്തുമുണ്ട്. ജപ്പാന്റെ തന്നെ 'സെഞ്ച' നാലാം സ്ഥാനത്തും, ചൈനയിലെ വിഖ്യാതമായ 'പു-എർ' അഞ്ചാം സ്ഥാനത്തും എത്തിനിൽക്കുന്നു. എങ്കിലും ഇവയെയെല്ലാം പിന്തള്ളിയാണ് നമ്മുടെ മസാല ചായ ഒന്നാമതെത്തിയത്.

രുചിയിൽ മാത്രമല്ല, ലോകപ്രശസ്തമായ ചായത്തോട്ടങ്ങളുടെ കാര്യത്തിലും ഇന്ത്യ തിളങ്ങി നിൽക്കുന്നു. 1859-ൽ സ്ഥാപിതമായ പശ്ചിമ ബംഗാളിലെ മക്കൈബാരി ചായത്തോട്ടവും ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള അസമിലെ ഹൽമാരി ചായത്തോട്ടവും ഈ ആഗോള പട്ടികയിൽ പ്രത്യേക ആദരവ് നേടിയിട്ടുണ്ട്. ചുരുക്കത്തിൽ, ചായ കുടിക്കുന്നവർ മാത്രമല്ല, ചായ കുടിക്കാത്തവർ പോലും ആസ്വദിക്കുന്ന ഒരു വലിയ സംസ്കാരത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ ചായ. അതുകൊണ്ട് തന്നെ ഈ ആഗോള അംഗീകാരം ഓരോ ചായപ്രേമിക്കും അഭിമാനത്തോടെ ആഘോഷിക്കാം!

Show Full Article
TAGS:Foods Masala chai sulaimani India drinks 
News Summary - Indian 'Masala Chai' named best tea in the world; Malayalis' favorite 'Sulaimani' also makes it to the list
Next Story