Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightDrinkschevron_rightമെസ്സിയുടെ രഹസ്യ...

മെസ്സിയുടെ രഹസ്യ പാനീയം; ഫുട്ബാൾ ഗ്രൗണ്ടുകളിൽ നിന്ന് ഇന്ത്യൻ വിപണികളിലേക്കെത്തി 'യർബ മാറ്റെ'

text_fields
bookmark_border
മെസ്സിയുടെ രഹസ്യ പാനീയം; ഫുട്ബാൾ ഗ്രൗണ്ടുകളിൽ നിന്ന് ഇന്ത്യൻ വിപണികളിലേക്കെത്തി യർബ മാറ്റെ
cancel

അർജന്‍റീന ഫുട്ബാൾ സംഘത്തിന്റെയും മത്സരങ്ങൾക്കിടയിൽ പലപ്പോഴും കാണാറുള്ള ആ പ്രത്യേക പാനീയം ഏതാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സി കയ്യിൽ കൊണ്ടുനടക്കുന്ന ആ ചെറിയ പാത്രവും ലോഹനിർമിതമായ സ്‌ട്രോയും മറ്റൊന്നുമല്ല, ദക്ഷിണ അമേരിക്കൻ നാടുകളിൽ വളരെ പ്രസിദ്ധമായ 'യർബ മാറ്റെ' എന്ന പാനീയമാണ്. ഉറുഗ്വായ് ശൈലിയിലുള്ള യർബ മാറ്റെയാണ് മെസ്സിക്ക് ഏറെ പ്രിയങ്കരമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അർജന്റീന, ഉറുഗ്വായ്, പരാഗ്വേ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഈ പാനീയം. എന്നാൽ ഇപ്പോൾ, ഫുട്ബോൾ താരങ്ങളിലൂടെയും ലോകകപ്പ് മത്സരങ്ങളിലൂടെയും ഈ പാനീയം ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ വലിയൊരു ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ഇപ്പോൾ ഇന്ത്യൻ വിപണികളിലും ഇതിന്റെ ലഭ്യത വർദ്ധിച്ചിട്ടുണ്ട്. 'ഇലക്സ് പരാഗ്വാരിയൻസിസ്' എന്ന സസ്യത്തിന്റെ ഉണങ്ങിയ ഇലകളിൽ നിന്നാണ് യർബ മാറ്റെ തയാറാക്കുന്നത്. മണ്ണിൽ നിന്നു കിട്ടുന്ന തനതായ സ്വാദും, കാപ്പിക്ക് സമാനമായ ഉന്മേഷവും നൽകുന്ന ഇതിന്റെ ചരിത്രം ദക്ഷിണ അമേരിക്കയിലെ ആദിവാസി സമൂഹങ്ങളായ ഗ്വാരനി, തുപി വിഭാഗങ്ങളിലേക്ക് നീളുന്നു.

യർബ മാറ്റെയുടെ പ്രത്യേകത അതിന്റെ സ്വാദിൽ മാത്രമല്ല, അത് പങ്കുവക്കുന്ന രീതിയിലുമാണ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേരുമ്പോൾ ഒരേ പാത്രത്തിൽ നിന്ന് പങ്കിട്ടുകുടിക്കുന്ന ഈ പാനീയം, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായാണ് അവിടെ കണക്കാക്കപ്പെടുന്നത്. ചൂടുള്ളതോ തണുത്തതോ ആയ രീതിയിൽ ഇത് ആസ്വദിക്കാം. പരാഗ്വേയിൽ വേനൽക്കാലത്ത് തണുപ്പിച്ച യർബ മാറ്റെ അഥവാ 'ടെറെറെ' വളരെ ജനപ്രിയമാണ്.

എന്നാൽ, ഇതിന്റെ ആരോഗ്യപരമായ വശങ്ങളെക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ട്. ഭാരക്കുറവിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ഒരു വിഭാഗം പറയുമ്പോൾ, അമിതമായ ഉപയോഗം ആരോഗ്യത്തിന് നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വളരെ ചൂടോടെ സ്ഥിരമായി കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ഇതിലെ കഫീന്റെ അംശം ഹൃദയസംബന്ധമായ അസുഖമുള്ളവരിൽ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം ആളുകൾ ശ്രദ്ധിക്കണമെന്ന് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് വാണി കൃഷ്ണ മുന്നറിയിപ്പ് നൽകുന്നു.

Show Full Article
TAGS:Lionel Messi South America FIFA World Cup 2026 nutrition drinks 
News Summary - Lionel Messi’s mystery brew
Next Story