ടേസ്റ്റി ഫുഡ് ചുക്ക് കാപ്പിയുടെ പെരുമ യൂറോപ്പിലും
text_fieldsകേരളത്തിലെ അമ്മമാർ ഒട്ടുമിക്ക അസുഖങ്ങൾക്കും മറുമരുന്നായി തലമുറകൾ കൈമാറി പോന്ന ചുക്ക് കാപ്പിയുടെ തനത് രുചിയിൽ ടേസ്റ്റി ഫുഡ് പുറത്തിറക്കുന്ന ജിൻജർ കോഫിക്ക് യൂറോപ്പിലും വൻ സ്വീകാര്യത. ലോകത്തിലേറ്റവും വലിയ ഭക്ഷ്യ മേളയായ സിയാൽ പാരിസ് എക്സ്പോയിലാണ് ടേസ്റ്റി ഫുഡിന്‍റെ ചുക്ക് കാപ്പി വിദേശികളുടെ മനം കവർന്നത്. സിയാൽ പാരീസിന്‍റെ അറുപതാം വാർഷികം ആയിരുന്നു ഇപ്രാവശ്യത്തേത്.
എക്സ്പോയിൽ പ്രത്യേകം സജ്ജമാക്കിയ ടേസ്റ്റിഫുഡ് സ്റ്റാളിലെ പ്രധാന ആകർഷണങ്ങളിലൊന്ന് കേരളീയ തനിമയേറുന്ന ചുക്ക് കാപ്പിയായിരുന്നു. ഇഞ്ചി, കുരുമുളക്, ശർക്കര, കാപ്പി പൊടി തുടങ്ങിയ ചേരുവകൾ അതാത് അളവിൽ സമ്മിശ്രമായി പൊടിച്ചാണ് ടേസ്റ്റി ഫുഡ് ചുക്ക് കാപ്പി പൊടി തയ്യാറാക്കുന്നത്. ജർമനി, ഫ്രാൻസ്, സ്പെയിൻ, റഷ്യ, ഇറ്റലി, യു.കെ, ബ്രസീൽ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് ടേസ്റ്റി ഫുഡ് ചുക്കുകാപ്പിയുടെ ആരാധകരായി മാറിയത്.
ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുള്ള ഏഴായിരത്തോളം ഭക്ഷ്യ വാണിജ്യ സ്റ്റാളുകൾ അണി നിരന്ന 60ാ മത് എക്സ്പോയിൽ കേരളത്തെ പ്രതിനിധീകരിച്ചെത്തിയ ഏക ഭക്ഷ്യോത്പന്ന ബ്രാൻഡായിരുന്നു ടേസ്റ്റിഫുഡ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് സന്ദർശകരാണ് ടേസ്റ്റി ഫുഡ് സ്റ്റാൾ സന്ദർശിച്ചത്. ഭക്ഷ്യ വിതരണ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ടേസ്റ്റിഫുഡിന്‍റെ വിവിധ ശ്രേണിയിലുള്ള ഉത്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിരുന്നു.
ചുക്ക് കാപ്പി പോലെ മലയാള തനിമയുള്ള ഭക്ഷ്യ ശീലങ്ങൾ വിദേശികൾക്കിടയിൽ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും മേളയിലെ സാന്നിധ്യം പുതിയ വാണിജ്യ വിപണി തുറക്കാൻ സഹായകമായതായും ടേസ്റ്റി ഫുഡ് എം.ഡി മജീദ് പുല്ലഞ്ചേരി പറഞ്ഞു. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലകളായ ലുലു, നെസ്റ്റോ ഗ്രൂപ്പ് പ്രതിനിധികളും സിയാൽ എക്സ്പോയിലെ ടേസ്റ്റി ഫുഡ് സ്റ്റാൾ സന്ദർശിച്ചു.
ചുക്ക് കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ
പരമ്പരാഗത വൈദ്യ ശാസ്ത്ര പ്രകാരം ധാരാളം ഔഷധ ഗുണങ്ങളുള്ള പാനീയമാണ് ചുക്ക് കാപ്പി. ചുമ, ജലദോഷം, കഫക്കെട്ട്, തൊണ്ട വേദന തുടങ്ങിയ ഒട്ടു മിക്ക അസുഖങ്ങൾക്കും ഒറ്റമൂലിയായാണ് പലരും ചുക്ക് കാപ്പി ഉപയോഗിക്കുന്നത്. എന്നാൽ ഇവക്കു പുറമെ, ശരീരത്തിലുള്ള നീർക്കെട്ട് തടയാനും ദഹന പ്രക്രിയ സുഖകരമാക്കാനും ഗ്യാസ് ട്രബിൾ കുറക്കാനും ചുക്ക് കാപ്പി കുടിക്കുന്നത് ഏറെ സഹായകരമാണെന്നാണ് പഠനങ്ങൾ പറയുന്നത്.
ഉണങ്ങിയ ഇഞ്ചി, ശർക്കര, കുരുമുളക്, ജീരകം, കാപ്പി, ഏലക്കായ, രാമച്ചം തുടങ്ങിയവ പൊടിച്ചാണ് ടേസ്റ്റി ഫുഡ് ചുക്കു കാപ്പി പൊടി തയ്യാറാക്കുന്നത്. ആന്‍റി ഓക്സിഡന്‍റുകൾ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചുക്ക് കാപ്പി ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. തൊണ്ടയിലെ അണുബാധയ്ക്കും ഇതേറെ ഗുണം നല്‍കും. അത്രയധികം അപകടകരമല്ലാത്ത മഴക്കാല രോഗങ്ങളിൽ നിന്നും മോചനം നേടുന്നതിനായി ഇത് കുടിക്കുന്ന ശീലം പഴയ കാലഘട്ടം മുതൽ പ്രചാരത്തിലുണ്ട്.
ചുക്ക് കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതിലൂടെ ഉന്മേഷവും ഊർജ്ജവും ലഭിക്കുമെന്ന് ആയുർവ്വേദ ഡോക്ടർമാർ പറയുന്നു. ഉണങ്ങിയ ഇഞ്ചി (ചുക്ക്) ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. വിശപ്പ് ശമിപ്പിക്കുന്നത്തിനുള്ള ഇഞ്ചിയുടെ കഴിവ് ശരീരഭാര നിയന്ത്രണത്തിന് സഹായകരമാണ്. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിനും കൊഴുപ്പ് അലിയിച്ചു കളയുന്നതിനുമുള്ള കഴിവ് ഇഞ്ചിക്കുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.