ഒരു കപ്പ് കാപ്പിക്ക് രണ്ടുകുപ്പി വെള്ളം
text_fieldsരാവിലെ കാപ്പി കുടിച്ചതിനുശേഷം മന്ദത തോന്നിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല, കഫീൻ കഴിച്ചതിനുശേഷം നിർജലീകരണം സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരു കപ്പ് കാപ്പിക്ക് രണ്ടുകുപ്പി വെള്ളം കുടിക്കുക എന്നതാണ്.
കാപ്പി ആരോഗ്യത്തിന് ഗുണകരമാണെങ്കിലും നിർജലീകരണത്തിനിടയാക്കും. അതിനാൽ, ശരീരത്തിന്റെ ജലാംശം നിലനിർത്താൻ കാപ്പിക്കുമുമ്പോ ശേഷമോ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
അമിതമായ കഫീൻ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും നിർജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ക്ഷീണത്തിനും കാരണമാകുന്നു. കൂടാതെ മിക്കവരും പഞ്ചസാര ചേർത്താണ് കാപ്പി കുടിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ വർധനക്കും ഇത് കാരണമാകും.
അതിനാൽ, കഫീൻ അടങ്ങിയ പദാർഥങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക. കൂടെ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മറ്റു പാനീയങ്ങളും കഴിക്കണം. നാരങ്ങവെള്ളം, ഫ്രൂട്ട് സ്മൂത്തികൾ, വെജിറ്റബ്ൾ സൂപ്പുകൾ, ഇളനീർ, മഞ്ഞളും കുരുമുളകും ചേർത്ത മോര് തുടങ്ങിയവ ഇത്തരത്തിൽ ഉപയോഗിക്കാവുന്നവയാണ്.
പതിവായി കാപ്പി കുടിക്കുന്നത് ആസക്തി വർധിക്കാനും കുടിക്കുന്നതിന്റെ അളവ് വർധിപ്പിക്കുന്ന സാഹചര്യത്തിലെത്തിക്കുകയും ചെയ്യുന്നു. അതിനാൽ, കാപ്പി കുടി നിയന്ത്രിക്കുന്നതും, രണ്ടുകുപ്പി വെള്ളം കുടിക്കുന്നതും പരിഗണിക്കുന്നത് നല്ലതാണ്.