‘എന്നാലും ആ കുഴിമന്തിയുടെ രുചി, ‘ഹയ് വാ’’; ഇഷ്ട ഭക്ഷണത്തെ കുറിച്ചുള്ള അഞ്ചാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്
text_fieldsനടുവട്ടം ജി.എച്ച്.എസ്.എസിലെ അഞ്ച് സിയിൽ പഠിക്കുന്ന ഫാത്തിമ ഷിഫയുടെ ഡയറിക്കുറിപ്പ്
തിരുവനന്തപുരം: സ്കൂളിൽ ഉച്ചഭക്ഷണമായി കിട്ടിയ ഇഷ്ട ഭക്ഷണത്തെ കുറിച്ച് എഴുതിയ അഞ്ചാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നടുവട്ടം ജി.എച്ച്.എസ്.എസിലെ അഞ്ച് ‘സി’യിൽ പഠിക്കുന്ന ഫാത്തിമ ഷിഫയുടെ ഡയറിക്കുറിപ്പാണ് മന്ത്രി ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്.
സ്കൂളിൽ ഉച്ചഭക്ഷണമായി കുഴിമന്തിയാണ് വിളമ്പിയതെന്ന് ഡയറിക്കുറിപ്പിൽ എഴുതി. ഭക്ഷണത്തിന്റെ രുചിയേക്കാൾ വലുതാണ് അത് വിളമ്പുന്ന സ്നേഹമെന്ന് ഈ കുറിപ്പ് നമ്മെ ഓർമിപ്പിക്കുന്നുവെന്നും കുറിപ്പ് പങ്കുവെച്ച മിടുക്കിക്ക് എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
സ്കൂൾ ഉച്ചഭക്ഷണത്തിന്‍റെ രുചിയും കൂട്ടുകാർക്കൊപ്പം അത് പങ്കിട്ടു കഴിക്കുന്നതിന്‍റെ സന്തോഷവും ഒരു അഞ്ചാം ക്ലാസ്സുകാരി തന്‍റെ ഡയറിയിൽ എത്ര മനോഹരമായാണ് പകർത്തിയിരിക്കുന്നത്. ഇത്തരം കൊച്ചു കൊച്ചു അനുഭവങ്ങളാണ് കുട്ടികളുടെ സർഗ്ഗാത്മകതയെയും എഴുത്തുശീലത്തെയും വളർത്തുന്നത്. ഭക്ഷണത്തിന്‍റെ രുചിയേക്കാൾ വലുതാണ് അത് വിളമ്പുന്ന സ്നേഹമെന്ന് ഈ കുറിപ്പ് നമ്മെ ഓർമ്മിപ്പിക്കുന്നു; ഈ മിടുക്കിക്ക് എന്റെ എല്ലാവിധ സ്നേഹവും ആശംസകളും.
ഫാത്തിമ ഷിഫയുടെ ഡയറിക്കുറിപ്പ്:
ഇന്ന് വൈകിയാണ് ഉണർന്നത്. ഉടനെ സ്കൂളിൽ പോകാനായി ഒരുങ്ങി. സൈക്കിളിൽ യാത്ര ചെയ്ത് സ്കൂളിൽ എത്തി. വൈകിയാണ് എത്തിയത്. സ്കൂൾ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചഭക്ഷണം പതിവിലും നേരത്തെ ആയിരുന്നു. കാരണം ഇന്ന് എല്ലാവർക്കും പ്രിയപ്പെട്ട കുഴിമന്തി ആയിരുന്നു.
ഭക്ഷണത്തിന് വേണ്ടി വരിയായി നിന്നു. അതിന്‍റെ വാസനയിൽ എല്ലാവരും മയങ്ങും. മയണൈസ് ഇല്ലാത്തതു കൊണ്ട് ഇച്ചിരി വിഷമം ഉണ്ടായിരുന്നു. വായിൽ വെച്ചാൽ അലിഞ്ഞു പോകും. ആദ്യമായിട്ടാണ് ഞാൻ സ്കൂളിൽ നിന്ന് ഇത്രയും പ്രത്യേകമായ ഭക്ഷണം കഴിക്കുന്നത്. എന്നാലും ആ കുഴിമന്തിയുടെ രുചി, ‘ഹയ് വാ’.


