റമദാനിൽ ഭക്ഷണങ്ങൾ കരുതലോടെ ഉപയോഗിക്കാൻ നിർദേശം
text_fieldsമനാമ: റമദാനിൽ ഭക്ഷണങ്ങൾ കരുതലോടെ ഉപയോഗിക്കാൻ നിർദേശവുമായി അധികൃതർ. റമദാൻ മാസത്തിൽ പൊതുവെ കണ്ടുവരുന്ന ഭക്ഷണം പാഴാക്കുന്ന പ്രവണത കൂടിയ സാഹചര്യത്തിലാണ് നിർദേശം. ഇതിനായി റസ്റ്റാറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവരുമായി ഏകോപിപ്പിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ കാമ്പെയിനുകൾ ആരംഭിച്ചിട്ടുണ്ട്. ആഡംബര ഇഫ്താറുകളും അത്താഴവും കുറയ്ക്കണമെന്നും ഉന്നത മുനിസിപ്പൽ ഉദ്യോഗസ്ഥർ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു.
റമദാനിൽ വാങ്ങുന്ന ഭക്ഷണത്തിന്റെ 35 ശതമാനം പാഴാക്കുന്നുണ്ടെന്നും അതുകൊണ്ട് പൊതുജനങ്ങൾ ആവശ്യമുള്ളത് വാങ്ങാനായി ഷോപ്പിങ് നടത്തുമ്പോൾ ശ്രദ്ധചെലുത്തണമെന്നും സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു.
കുടുംബവീടുകളിൽനിന്ന് 15 മുതൽ 25 ശതമാനംവരെ പതിവായി ഭക്ഷ്യമാലിന്യം പുറന്തള്ളപ്പെടാറുണ്ട്. റമദാനാകുമ്പോൾ ഇത് 35 ശതമാനംവരെയായാണ് വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാചകം ചെയ്യുന്ന സാഹചര്യത്തിലും ശ്രദ്ധചെലുത്തണം, അതിഥികൾക്കും ആവശ്യപ്പെടുന്നവർക്കും റമദാനിൽ ഭക്ഷണം നൽകുന്നതാണ് മുസ്ലിംകൾ ചെയ്യുന്നത്. എന്നാൽ, നൽകുന്നതിനെക്കാളേറെ പാഴാവുന്ന സാഹചര്യമാണുള്ളത്.
അതിൽനിന്ന് ജനങ്ങൾ ബോധവാന്മാരാകണമെന്നും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബഹ്റൈനിൽ പ്രതിദിനം ഏകദേശം 600 ടൺ ജൈവ ഭക്ഷ്യമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിനായി ജനങ്ങളെ ബോധവത്കരിക്കുന്ന പരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു.
കൂടാതെ ദരിദ്രരായ ജനങ്ങളെ സഹായിക്കുന്നതിനുള്ള സംഭാവനകളെയും സംരംഭങ്ങളെയും പിന്തുണക്കുന്നവർക്കും പാഴാവുന്ന ഭക്ഷണങ്ങൾ ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കുന്നവർക്കും അദ്ദേഹം നന്ദി പറഞ്ഞു. 2020ൽ ബഹ്റൈനിലെ ജനങ്ങൾ 146000 ടൺ ഭക്ഷണമാണ് പാഴാക്കിയതെന്നും ഇത് രാജ്യത്തിന് 94.9 ദശലക്ഷം ദീനാറിന്റെ നഷ്ടം ഉണ്ടാക്കിയതായും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യമാലിന്യ സൂചിക നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ബഹ്റൈനിലെ ഭക്ഷ്യ മാലിന്യങ്ങളധികവും അസ്കറിലെ ഹഫീറ ലാൻഡ്ഫില്ലിലെത്തിച്ച് മണ്ണിട്ട് മൂടുകയാണ് ചെയ്യുന്നത്. 2040 ഓടെ ബഹ്റൈനിൽ ഒരു പുനരുപയോഗ മാലിന്യനിർമാർജന പ്ലാന്റ് സ്ഥാപിക്കുമെന്നും പൊതു മാലിന്യത്തിന്റെ 52 ശതമാനം അതുവഴി പുനരുപയോഗം ചെയ്യുമെന്നും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വെയ്ൽ അൽ മുബാറക് നേരത്തേ പ്രഖ്യാപിച്ചിരുന്നു.