ആറന്മുള വള്ളസദ്യ; ഓൺലൈൻ ബുക്കിങ് നിർത്തി
text_fieldsആറന്മുള: പള്ളിയോട സേവാസംഘം നടത്തുന്ന പെയ്ഡ് ആറന്മുള വള്ളസദ്യക്കുള്ള ഓൺലൈൻ ബുക്കിങ് താൽക്കാലികമായി നിർത്തിയതായി പ്രസിഡന്റ് കെ.വി. സാംബദേവൻ അറിയിച്ചു. ആഗസ്റ്റ് 31 വരെയുള്ള ബുക്കിങ് പൂർത്തിയായതിനാലാണ് നടപടി. സെപ്റ്റംബറിലേക്കുള്ള ബുക്കിങ് ആഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 13 മുതലാണ് പള്ളിയോട സേവാസംഘം ഓൺലൈൻ വഴി ബുക്ക് ചെയ്ത ആളുകൾക്ക് പെയ്ഡ്സദ്യ ക്രമീകരിച്ചിരുന്നത്. ഇതിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ടും നിരവധി പേർ ആറന്മുളയിൽ എത്തുന്നുണ്ട്.
ഇതുവരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് മുന്നൂറിൽപരം കെ.എസ്.ആർ.ടി.സി ബസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ 15,000ത്തോളം ആളുകൾ ആറന്മുളയിൽ എത്തും. പെയ്ഡ് സദ്യ പതിനായിരത്തോളം പേർ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്. വഴിപാട് വള്ളസദ്യകൾ ഇതിനകം 500ഓളം ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 60നടുത്ത് വള്ളസദ്യ ഇതിനകം പൂർത്തീകരിച്ചു. 50 വഴിപാട് വള്ളസദ്യകൂടി നടത്താനുള്ള അവസരം ഈ വർഷം ഉണ്ടായിരിക്കും. ഈ വർഷത്തെ ആറന്മുള ജലമേള സെപ്റ്റംബർ ഒമ്പതിനും തിരുവോണത്തോണിവരവ് സെപ്റ്റംബർ അഞ്ചിനും, അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 14നും നടക്കും