സൂഖിലെ ഈത്തപ്പഴ മേള ജൂലൈ 24 മുതൽ
text_fieldsദോഹ: ഈത്തപ്പഴ പ്രേമികൾക്ക് മധുരമൂറും ഉത്സവകാലം സമ്മാനിച്ചുകൊണ്ട് പത്താമത് ഈത്തപ്പഴ മേള സൂഖ് വാഖിഫിൽ ജൂലൈ 24 ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഈസ്റ്റേൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഈത്തപ്പഴ മേള ആഗസ്റ്റ് ഏഴുവരെ നീണ്ടുനിൽക്കും. തദ്ദേശീയമായി വിളവെടുത്ത മുന്തിയതും വൈവിധ്യവുമാർന്ന ഈത്തപ്പഴങ്ങളുമായാണ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിപണന മേളക്ക് നടക്കുക.
ഖത്തറിന്റെ സമ്പന്നമായ കാർഷിക പൈതൃകത്തെ, പ്രത്യേകിച്ച് ഈത്തപ്പഴ കൃഷിയെയും പ്രാദേശിക കർഷകരെയും പിന്തുണക്കുന്ന പരിപാടിയിൽ സന്ദർശകർക്ക് വിവിധ ഈത്തപ്പഴ ഇനങ്ങൾ വാങ്ങിക്കുകയും ആസ്വദിക്കുകയും ചെയ്യാം. കൂടാതെ കർഷകരുമായി ഇടപഴകാനും പരമ്പരാഗത കൃഷി രീതികളെക്കുറിച്ച് മസസ്സിലാക്കാനും അവസരമുണ്ടാകും.
തോട്ടങ്ങളിൽ നിന്നും നേരിട്ടെത്തിക്കുന്ന ഈത്തപ്പഴങ്ങൾ, സ്വന്തമാക്കാൻ സ്വദേശികളും താമസക്കാരും വിദേശികളും ഉൾപ്പെടെ നിരവധി പേരെത്തും. കുറഞ്ഞ വിലക്ക്, ഗുണമേന്മയുള്ള പഴങ്ങൾ ലഭ്യമാകുന്നതാണ് മേളയുടെ പ്രത്യേകത. പ്രാദേശിക കർഷകരെ പിന്തുണക്കുക എന്ന ലക്ഷ്യവുമായി തുടങ്ങുന്ന മേളയിൽ ഓരോ വർഷവും ഫാമുകളുടെ പങ്കാളിത്തം വർധിക്കുകയാണ്. പ്രഥമ വർഷം 35 ഫാമുകളാണ് പങ്കാളികളായതെങ്കിൽ കഴിഞ്ഞ തവണ അത് 110 ആയി ഉയർന്നിരുന്നു.