രാവിലെ രാജാവിനെ പോലെ കഴിക്കണം...!
text_fieldsപ്രഭാതഭക്ഷണം രാജാവിനെപ്പോലെ കഴിക്കണം എന്നൊരു ചൊല്ലുണ്ട്. വെറും ചൊല്ലല്ല നമ്മുടെ ശരീരത്തിന്‍റെ പ്രവർത്തനങ്ങളെക്കൂടി മനസ്സിലാക്കിയുള്ളതാണത്. പോഷകസമ്പന്നമായ പ്രഭാതഭക്ഷണം ഉച്ചവരെ നീളുന്ന പ്രവർത്തനങ്ങൾക്കുള്ള ഊർജം കൂടിയാണ്.
ബ്രേക്കിങ് ദി ഫാസ്റ്റ് ആണ് ബ്രേക്ക്ഫാസ്റ്റ്. എട്ടോ പത്തോ മണിക്കൂറുകള്‍ നീളുന്ന ഉറക്കത്തിനു ശേഷം നീണ്ട നേരത്തെ ഉപവാസം അവസാനിപ്പിക്കുന്ന ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ് ആ ദിവസം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജത്തിന്‍റെ പകുതി ശരീരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധ, മാനസികാവസ്ഥ, ശരീരത്തിന്‍റെ ഉന്മേഷം, ബാക്കി സമയത്തെ ഭക്ഷണം തുടങ്ങിയവയെ അത് പ്രതികൂലമായി ബാധിക്കും.
ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ പ്രഭാതഭക്ഷണം ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം ആ ദിവസത്തെ തുടര്‍ന്നുള്ള കലോറി ഉപഭോഗം കുറക്കും. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ ഇടവേളകളിലുള്ള ലഘുഭക്ഷണങ്ങളിലൂടെ അനാവശ്യമായി കലോറി ഉപഭോഗം നടത്താന്‍ ശ്രമിക്കില്ല.
കൂടാതെ, പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍, മറ്റു സമയത്തെ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കാനുള്ള പ്രേരണയുണ്ടാവുന്നതായാണ് കണ്ടുവരുന്നത്. ശരിയായ രീതിയില്‍ പ്രഭാതഭക്ഷണം കഴിക്കുകയാണെങ്കില്‍, നിങ്ങളുടെ മെറ്റാബോളിസം ശരിയായ രീതിയില്‍ നടക്കുകയും ബാക്കിയുള്ള സമയത്ത് കലോറികള്‍ കത്തിപ്പോകാന്‍ സഹായകമാവുകയും ചെയ്യും.
പഞ്ഞി ദോശ
ചേരുവകൾ
റവ- 1 1/2 കപ്പ്
തേങ്ങ- 1 കപ്പ്
പുളിയില്ലാത്ത തൈര്- 3/4 കപ്പ്
വെള്ളം- 1 1/2 കപ്പ്
ബേക്കിങ് സോഡ- 1/4 ടീസ്പൂൺ
ഉപ്പ്, കാരറ്റ്, സവാള, മല്ലിയില, വെളിച്ചെണ്ണ -ആവശ്യത്തിന്
തയാറാക്കേണ്ടവിധം
മിക്സിയുടെ ജാറിൽ ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം മാവ് ബൗളിലേക്ക് മാറ്റുക. ഇനി മാവിൽ ഗ്രേറ്റ് ചെയ്ത കാരറ്റ്, പൊടിയായി അരിഞ്ഞ സവാള, മല്ലിയില ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ചൂടായ പാനിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടിക്കൊടുത്ത് ഓരോ തവി മാവ് ഒഴിച്ചുകൊടുത്ത് ദോശ ചുട്ടെടുക്കുക. പഞ്ഞി ദോശ റെഡി.
മടക്കി ചപ്പാത്തി
ചേരുവകൾ
ഗോതമ്പുപൊടി- 1 1/2 കപ്പ്
ചൂടുവെള്ളം
മൈദ- 1/4 കപ്പ്
മുട്ട- 2
പഞ്ചസാര- 2 ടീസ്പൂൺ
ഏലക്ക- 1
നെയ്യ്, ഉപ്പ് -ആവശ്യത്തിന്
തയാറാക്കേണ്ടവിധം
ഗോതമ്പുപൊടി ചപ്പാത്തിമാവിന്റെ പരുവത്തിൽ നന്നായി കുഴച്ചെടുക്കുക. ശേഷം പരത്തിയെടുക്കുക. എന്നിട്ട് ഉള്ളിൽ നന്നായി നെയ്യ് പുരട്ടിക്കൊടുക്കണം. എന്നിട്ട് നാലു ഭാഗത്തുനിന്നും മടക്കിയെടുക്കുക. ശേഷം ഒന്നുകൂടി ചതുരത്തിൽ പരത്തിയെടുക്കുക.
ചൂടായ കല്ലിൽ കുറച്ച് നെയ്യ് ഒഴിച്ച് ചെറുതീയിൽ ഇരുവശവും ചുട്ടെടുക്കുക. ചപ്പാത്തി പൊള്ളിവരുമ്പോൾ മുട്ട-പഞ്ചസാര-ഏലക്കയുടെ കൂട്ട് പൊള്ളിയ ഭാഗം ചെറുതായി സ്പൂൺവെച്ച് ഒന്ന് കീറിയശേഷം ഒഴിച്ചുകൊടുക്കുക. എന്നിട്ട് ഉള്ളിൽ ഒഴിച്ച മുട്ടക്കൂട്ട് വെന്തുവരുന്നതുവരെ ചപ്പാത്തി തിരിച്ചും മറിച്ചും ചുട്ടെടുക്കുക.