അണിയിച്ചൊരുക്കാം കേക്കുകളെ
text_fieldsരുചി മാത്രമല്ല, കാണാനുള്ള ചന്തംകൂടിയാണ് കേക്കിന്റെ മാർക്കറ്റ് കൂട്ടുന്നത്. കേക്കിനെ വിവിധ തീമുകളിൽ ഡെക്കറേറ്റ് ചെയ്യുക എന്നതും ഒരു കലയാണ്. കസ്റ്റമർ ആവശ്യപ്പെടുന്ന തീമുകളിൽ കേക്ക് നിർമിച്ചു കൊടുക്കുന്ന നിരവധി ഹോം ബേക്കർമാർ കേരളത്തിലുണ്ട്. അവരിലൊരാളാണ് കൊച്ചിയിലെ പ്രമുഖ ഹോം ബേക്കറായ റൂബി രാജഗോപാൽ. കോളജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് ബേക്കിങ്ങിലേക്ക് റൂബി പ്രവേശിക്കുന്നത്.
കേക്ക് മൈ പാഷൻ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് കൂടുതലായും കേക്കുകളുടെ വിപണനം. പിന്നെ ഒരിക്കൽ കേക്ക് വാങ്ങിയവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും മുഖേനയും ഓർഡറുകളെത്തുന്നുണ്ട്. ബേക്കിങ് പെട്ടെന്ന് തീരുന്ന പണിയാണ്. പക്ഷേ, ഡെക്കറേഷനാണ് ഏറ്റവും കൂടുതൽ സമയവും ടെൻഷനും അനുഭവിക്കുന്ന ഘട്ടമെന്ന് റൂബി പറയുന്നു. ഫോണ്ടൻറ്, ബട്ടർക്രീം, വിപ്പിങ് ക്രീം, ചോക്ലറ്റ് ഗണാഷ് തുടങ്ങിയവയിലാണ് പ്രധാനമായും കേക്ക് ഡെക്കറേഷൻ ചെയ്യുന്നത്.
ഫോണ്ടൻറ് കേക്ക്
ഫോണ്ടൻറ് എന്നത് ഷുഗറും ജലാറ്റിനുമെല്ലാം ഉപയോഗിച്ചുണ്ടാക്കുന്ന ഒരുതരം എഡിബ്ൾ ഷീറ്റാണ്. ഇത് വീട്ടിലുമുണ്ടാക്കാം, പുറത്തുനിന്നും വാങ്ങിക്കാം. ഫോണ്ടൻറ് ചപ്പാത്തിമാവുപോലെ കുഴച്ച് കേക്കിനു മുകളിൽ നിരത്തുകയാണ് പതിവ്. ഒരുതരം ലെതറി ടേസ്റ്റാണ് ഇതിന്. പലർക്കും ഇതിന്റെ രുചി ഇഷ്ടമാകില്ല. വെഡിങ് കേക്കുകളിൽ കൂടുതലും ഇതുതന്നെയാണ് ഉപയോഗിക്കുന്നത്. ഫോണ്ടൻറ് കേക്കുകൾ കൈകൊണ്ട് തൊട്ടാലോ തട്ടിയാലോ അത്രവേഗം കേടുവരില്ല. മാത്രവുമല്ല, മൂന്നോ നാലോ തട്ടുകളുള്ള കേക്കാണെങ്കിൽ ഒരു കേക്കിനു മുകളിൽ മറ്റൊന്ന് എടുത്തുവെക്കാനോ പ്രയാസമുണ്ടാകില്ല. കൂടാതെ കേക്കിന് മുകളിൽ വെക്കുന്ന, മൃഗങ്ങളുടെയോ കുട്ടികളുടെയോ മറ്റ് ഏതു രൂപങ്ങളും ഫോണ്ടൻറുകൊണ്ടാണ് നിർമിക്കുന്നത്.
രൂപങ്ങളുണ്ടാക്കാൻ പല അച്ചുകളും കടകളിൽ ലഭ്യമാണ്. അൽപം കലാവാസനയുള്ളവരാണെങ്കിൽ ഫോണ്ടൻറുകൊണ്ട് ഇഷ്ടമുള്ള രൂപങ്ങൾ തയാറാക്കാം. മറ്റൊരു കാര്യം, ഫോണ്ടൻറ് കേക്കുകൾ ഡെക്കറേഷൻ കഴിഞ്ഞതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റില്ല എന്നതാണ്. ഫോണ്ടൻറുകൊണ്ടുണ്ടാക്കിയ രൂപങ്ങളും അതുപോലെ ഫ്രിഡ്ജിൽ വെച്ചാൽ ഒട്ടിപ്പിടിക്കാൻ തുടങ്ങും. അതുകൊണ്ട് ഏതുതരത്തിലുള്ള ഫോസ്റ്റിങ്ങാണ് ചെയ്യുന്നതെങ്കിലും ആവശ്യക്കാർ എത്തുന്നതിന് തൊട്ടുമുമ്പേ ഫോണ്ടൻറുകൊണ്ടുള്ള കലാപരിപാടികൾ നടക്കൂ എന്നു ചുരുക്കം.
വിപ്പിങ് ക്രീം ഫോസ്റ്റിങ്
വിപ്പിങ് ക്രീം കേക്കിനോടാണ് പലർക്കും കൂടുതൽ താൽപര്യം. കേക്കിന്റെ യഥാർഥ രുചി കിട്ടണമെങ്കിൽ വിപ്പിങ് ക്രീം തന്നെ ഉപയോഗിച്ച് കേക്കുണ്ടാക്കണം. എന്നാൽ, കേക്ക് ഡെക്കറേഷനിൽ ഏറ്റവും പ്രയാസം വിപ്പിങ് ക്രീം കൊണ്ട് ഡെക്കറേറ്റ് ചെയ്യുക എന്നതാണ്. അറിയാതെ വിരലൊന്ന് തട്ടിയാലോ എടുത്തുവെക്കുമ്പോൾ ബാലൻസ് നഷ്ടമായാലോ കേക്ക് കേടുവരുമെന്ന് മാത്രമല്ല, എടുത്ത പണി മുഴുവൻ വെറുതെയാകും. ക്രീം ഫോസ്റ്റിങ് കഴിഞ്ഞ് ഡെക്കറേഷന് എന്തുവെക്കുമ്പോഴും സൂക്ഷിച്ച് വെക്കണം. അല്ലെങ്കിൽ തൊടുന്ന ഭാഗം കുഴിയാകും.
ആവശ്യക്കാർ പല തീമുകളാവും ആവശ്യപ്പെടുക. ചിലർക്ക് ആനിമൽസോ ഫോസറ്റ് മിനിയേച്ചറോ പൂക്കളോ ആവും, അല്ലെങ്കിൽ കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായ മിക്കിമൗസ്, ഡോറ, സ്പൈഡർമാൻ അങ്ങനെ. വെഡിങ് കേക്കുകൾക്കും പല തീമുകൾ പറയാറുണ്ട്. കുറച്ചുകൂടി മുതിർന്നവരാണെങ്കിൽ അവരുടെ പ്രഫഷനുമായി ബന്ധപ്പെട്ടോ ഹോബിയോ ഒക്കെയാകും. രണ്ടുദിവസം മുമ്പുതന്നെ തീമിലേക്കുള്ള രൂപങ്ങൾ നിർമിച്ചുതുടങ്ങും. എന്നാൽ, ഡെലിവറിക്ക് തൊട്ടുമുമ്പായിരിക്കും ഇവ വെക്കുന്നത്.
ബട്ടർ ക്രീം ഫോസ്റ്റിങ്
വിപ്പിങ് ക്രീമിന്റെ ഏകദേശ സ്വഭാവം തന്നെയാണ് ഇതിനും. എന്നാൽ, ഫോസ്റ്റിങ് കഴിഞ്ഞ് ഫ്രിഡ്ജിൽ വെച്ചാൽ കേക്ക് ഒന്നുകൂടി കട്ടിയാകും എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് കുറച്ചുകൂടി റിസ്ക് കുറയും.
ചോക്ലറ്റ് ഗണാഷ്
ചോക്ലറ്റ് ഡബ്ൾ ബോയിൽ ചെയ്ത് തണുപ്പിച്ചാണ് ഗണാഷ് നിർമിക്കുന്നത്. വിപ്പിങ് ക്രീം ഫോസ്റ്റിങ്ങിനുശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനു ശേഷമാണ് ചോക്ലറ്റ് ഗണാഷ് ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്യുക. അല്ലെങ്കിൽ ക്രീമുമായി മെൽറ്റാകാൻ സാധ്യതയുണ്ട്. ചോക്ലറ്റ് ഗണാഷ് ഉപയോഗിച്ചാണ് മിറർ ഗ്ലൈസിങ് കേക്കുകളുണ്ടാക്കുന്നത്.
റൂബി രാജഗോപാൽ
ഹോം ബേക്കിങ് അഥവാ ക്വാളിറ്റി
കൂടുതൽ പേരും ഇന്ന് ഹോം ബേക്കേഴ്സിനെ തേടിവരുന്ന കാലമാണ്. ക്വാളിറ്റിയുള്ളതും വിശ്വസനീയവുമായ കേക്കായിരിക്കും നമ്മുടെ കൈയിൽ കിട്ടുക എന്നതുതന്നെയാണ് അതിന് പ്രധാന കാരണം. ആ വിശ്വാസത്തെ ഒരിക്കലും നിരാശപ്പെടുത്തരുത്.
കേക്കിനുള്ള സാധനങ്ങൾ എല്ലാം ക്വാളിറ്റിയുള്ളതാകാൻ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചസാര വരെ ക്വാളിറ്റിയുള്ളതാകണം. അല്ലെങ്കിൽ കേക്കിന്റെ രുചിയെത്തന്നെ അത് സാരമായി ബാധിക്കും. കേക്കുകളിൽ ചേർക്കുന്ന കളറുകൾ വരെ ക്വാളിറ്റിയുള്ളത് വേണം. 50 രൂപക്ക് കിട്ടുന്ന കളറുകൾ വരെയുണ്ട്. ക്വാളിറ്റിയുള്ള സാധനങ്ങൾ ഒരിക്കലും വിലകുറച്ച് വിൽക്കില്ല എന്നത് നാം തിരിച്ചറിയണം.
കേക്ക് ബേക്ക് ചെയ്ത് ഒരു ദിവസമെങ്കിലും ഫ്രിഡ്ജിലിരിക്കണം. എന്നാലേ അതിന്റെ ഫ്ലേവറുകളെല്ലാം ഇറങ്ങിവരൂ. കസ്റ്റമർ ആവശ്യപ്പെടുന്ന തീമുകൾ ഉണ്ടാക്കിക്കൊടുക്കുമ്പോഴും സ്വന്തമായി ഒരു സിഗ്നേച്ചർ ഉണ്ടാക്കാൻ ഹോം ബേക്കർമാർ മറക്കരുത്.