രാമശ്ശേരി ഇഡലിയുടെ ചേരുവകള്‍ മറ്റാര്‍ക്കും അറിയില്ല...?
text_fieldsരാമശ്ശേരി ഇഡലി
നാവില്‍ അലിഞ്ഞുചേരുംവിധം മൃദുലമായ രാമശ്ശേരി ഇഡലിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍, ഇതൊരു നാടിന്‍റെ കഥയാണ്. പാലക്കാട് ജില്ലയിലെ രാമശ്ശേരി എന്ന കൊച്ചു ഗ്രാമത്തെക്കുറിച്ചുള്ള കഥ. പാലക്കാട്-പൊള്ളാച്ചി ദേശീയ പാതയിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചാല്‍ കുന്നാച്ചി എന്ന ചെറുപട്ടണത്തിലെത്തും. അവിടെ നിന്ന് ആരോട് ചോദിച്ചാലും പറഞ്ഞുതരും ഈ രുചിപ്പെരുമയുള്ള രാമശ്ശേരി ഇഡലിക്കടയിലേക്കുള്ള വഴി. ഇവിടെയാണ് രുചിയൂറും രാമശ്ശേരി ഇഡലിയുള്ള സരസ്വതി ടീസ്റ്റാള്‍.
രാവിലെ അഞ്ചു മണിക്ക് ഉണരുന്ന ഭാഗ്യലക്ഷ്മി അമ്മയുടെ ഇഡലിക്കടയിൽ വൈകുന്നേരമായാലും ഇഡലിയുടെ സ്വാദ് നുകരാൻ നിരവധിയാളുകൾ എത്താറുണ്ട്. ഇഡലി മാത്രമല്ല, അതിന്‍റെ കൂടെ ലഭിക്കുന്ന സാമ്പാറിലും ചമ്മന്തിയിലുമുള്ള സ്നേഹം ഏതൊരു ഭക്ഷണപ്രേമിയെയും അത്ഭുതപ്പെടുത്തും. 50 വർഷത്തിലേറെയായി ഭാഗ്യ ലക്ഷ്മി ചേച്ചി രാമശ്ശേരി ഇഡലി ഉണ്ടാക്കാൻ തുടങ്ങിയിട്ട്. 100 വർഷത്തിലേറെയായിട്ടുണ്ട് ഇവരുടെ കുടുംബം ഇഡലി ഉണ്ടാക്കൽ തുടങ്ങിയിട്ട്.
എത്ര ഇഡലി വേണമെങ്കിലും ഒരു വിളിക്കപ്പുറത്ത് ഉണ്ടാക്കാൻ തയാറാണിവർ. രാമശ്ശേരിയിൽ ഒരുപാട് ഇഡലി നിർമാണ വീടുകൾ ഉണ്ടെങ്കിലും ഭാഗ്യലക്ഷ്മിയമ്മയുടെ ഇഡലിക്കാണ് കൂടുതൽ ഡിമാൻഡ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ വീട്ടിലെ തീന്മേശയിൽ വരെ സ്ഥാനംപിടിച്ച കൈപ്പുണ്യമാണ് ഭാഗ്യലക്ഷ്മി അമ്മയുടേത്. രാമശ്ശേരി ഇഡലിയും തൊട്ടുകൂട്ടാനുള്ള സ്‌പെഷല്‍ ചമ്മന്തിയും ചട്‌നിയുമൊക്കെ കേരളത്തിലെ പല ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കുമൊക്കെ ദിനേന കയറ്റിയയക്കപ്പെടുന്നു. ഇഡലിപ്രേമികളായ എന്‍.ആര്‍.ഐകളിലൂടെ ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇവയെത്തുന്നു.
വലുപ്പത്തിലും കേമന്‍
വലുപ്പത്തിലും രുചിയിലും ഉണ്ടാക്കുന്ന രീതിയിലുമെല്ലാം രാമശ്ശേരി ഇഡലി വേറിട്ടുനില്‍ക്കുന്നു. കരിപ്പെട്ടിയുടെ അടിയില്‍ വെക്കാറുള്ള ഇരുമ്പുവളയങ്ങള്‍പോലെ മണ്ണുകൊണ്ടുണ്ടാക്കിയ ചെറിയ വളയത്തില്‍ കട്ടിനൂല്‍ ഒരു വലപോലെ കെട്ടി അതിന്‍റെ മുകളില്‍ മാവ് പരത്തിയാണ് ഇഡലി ഉണ്ടാക്കുന്നത്. അതുകൊണ്ടാകണം രാമശ്ശേരി ഇഡലി ദോശപോലെ പരന്നിരിക്കുന്നത്.
പുളിമരത്തിന്‍റെ വിറകു മാത്രമായിരുന്നത്രെ ആദ്യകാലങ്ങളില്‍ തീകൂട്ടാന്‍ ഉപയോഗിച്ചിരുന്നത്. മണ്‍പാത്രത്തിന്‍റെ മുകളില്‍ നൂല് തലങ്ങനെയും വിലങ്ങനെയും കെട്ടിവെച്ചതിന്‍റെ മുകളില്‍ തുണിവിരിക്കും. അതിനു മുകളിലാണ് മാവ് കോരിയൊഴിക്കുന്നത്. തൊട്ടുമുകളില്‍ നൂല് കെട്ടിയ മറ്റൊരു തട്ട് വെക്കും. അതിനു മുകളിലും മാവ് ഒഴിക്കും. ഇങ്ങനെ അഞ്ചെണ്ണം വരെ വെക്കാം.
ഇതെല്ലാംകൂടെ ആവി പുറത്തുപോകാത്ത രീതിയില്‍ ഒരു പാത്രംകൊണ്ട് മൂടും. ആവിയില്‍ നന്നായി വെന്തശേഷം ഇറക്കിവെച്ച് ഓരോന്നായി ഇളക്കിയെടുക്കും. വാങ്ങുന്ന മണ്‍പാത്രങ്ങള്‍ പെട്ടെന്ന് പൊട്ടാന്‍ തുടങ്ങിയതോടെ അലൂമിനിയം പാത്രങ്ങള്‍ സ്ഥാനം കൈയടക്കാന്‍ തുടങ്ങിയിട്ടുണ്ട്. പുളിവിറക് എന്ന സങ്കൽപവും ഇപ്പോള്‍ നടക്കുന്നില്ല. അരിയും ഉഴുന്നുമെല്ലാം രാസവളങ്ങളുടെ സന്തതികളുമായതോടെ രാമശ്ശേരി ഇഡലിയുടെ ഗുണനിലവാരം അൽപം കുറഞ്ഞിട്ടുണ്ടെന്ന് ഉണ്ടാക്കുന്നവർ തന്നെ പറയുന്നു.
പണ്ട് ഒരാഴ്ചവെച്ചാലും കേടുവരാത്ത ഇഡലി ഇപ്പോള്‍ രണ്ടു ദിവസമേ വെക്കാന്‍ പറ്റുന്നുള്ളൂ എന്നും ഇവര്‍ പറയുന്നു. പാലക്കാടന്‍ സാമ്പാറും തേങ്ങ, ഉള്ളി ചട്ണികളും പിന്നെ രാമശ്ശേരി സ്‌പെഷല്‍ ഇഡലിപ്പൊടിയും അടങ്ങുന്ന ആ രുചിക്കൂട്ട് ഇഡലിക്ക് അസാധ്യ സ്വാദ് നല്‍കുന്നു.
എന്താണീ രുചിപ്പെരുമക്ക് കാരണം
മാവ് കൂട്ടിയെടുക്കുന്നതിലെ ചില വ്യത്യാസങ്ങളാണ് രാമശ്ശേരി ഇഡലിയെ വ്യത്യസ്തമാക്കുന്നത്. അരി, ഉഴുന്ന്, കുരുമുളക്, ജീരകം, മുളക് തുടങ്ങിയവ വറുത്തരച്ചാണ് സ്‌പെഷല്‍ ഇഡലിപ്പൊടിയുണ്ടാക്കുന്നത്. മണ്‍കലത്തില്‍ ഘടിപ്പിക്കുന്ന നാലു റിങ്ങുകളില്‍ നിരത്തിവെക്കുന്ന കോട്ടണ്‍വലയില്‍ മാവൊഴിച്ചാണ് ഇഡലി ആവി കയറ്റിയെടുക്കുന്നത്.
കൂടുതല്‍ മൃദുലമായി, വലിയ വട്ടത്തില്‍ ചുട്ടെടുക്കുന്ന ഇഡലികള്‍, രണ്ടു നാള്‍ കേടുകൂടാതിരിക്കുമെന്നതും സവിശേഷതയാണ്. കാഞ്ചീപുരത്തു നിന്നു രാമശ്ശേരിക്കു വന്ന മുതലിയാര്‍ കുടുംബത്തിലെ ചിറ്റൂരി എന്ന സ്ത്രീയാണ് ഇവിടെ ഇഡലി തയാറാക്കാന്‍ തുടങ്ങിയത്.
പരമ്പരാഗതമായി നെയ്ത്തുകാരായിരുന്നെങ്കിലും അതില്‍നിന്നു വരുമാനം കുറഞ്ഞതോടെയാണ് ഇഡലിയിലേക്ക് കടക്കുന്നത്. എന്നാല്‍, മുതലിയാര്‍ കുടുംബത്തിലെ വളരെ കുറച്ച് ആളുകള്‍ക്കു മാത്രമേ ഇന്നും ഇതിന്‍റെ യഥാര്‍ഥ കൂട്ടും നിര്‍മാണ രഹസ്യവും അറിയുകയുള്ളൂ.
പാലക്കാടന്‍ പൊന്നി അരിയാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍, ബാക്കി ചേരുവകള്‍ മറ്റാര്‍ക്കും അറിയില്ല. പലരും പരീക്ഷിച്ച് നോക്കിയിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ലെന്നാണ് പറയുന്നത്.