‘സൺഡേ റോസ്റ്റും ടേക് എവേ ഫുഡും’; ബ്രിട്ടീഷുകാരുടെ ഞായറാഴ്ച വിഭവത്തെ കുറിച്ചറിയാം...
text_fieldsബ്രിട്ടനിലെ റോയൽ ഫുഡ് എന്നുതന്നെ പറയാവുന്ന തനത് വിഭവമാണ് സൺഡേ റോസ്റ്റ് (Sunday Roast). സംഗതി പേരുപോലെ ഞായറാഴ്ചയുമായി ബന്ധമുള്ള ഭക്ഷണമാണിത്. പരമ്പരാഗതമായി ബ്രിട്ടീഷുകാർ കുടുംബസമേതം ഞായറാഴ്ചകളിൽ തയാറാക്കി വരുന്ന പ്രധാന വിഭവം.
കുടുംബാംഗങ്ങൾ ഒരുമിച്ച് ചേരുമ്പോൾ ബീഫ്, ആട്, ചിക്കൻ എന്നിവ വലിയ തോതിൽ റോസ്റ്റ് ചെയ്ത് പച്ചക്കറികൾക്കും ബ്രെഡിനുമൊപ്പം വിളമ്പുന്ന അത്താഴമാണിത്. താറാവ്, ടര്‍ക്കിക്കോഴി തുടങ്ങിയവയും സൺഡേ റോസ്റ്റിന് ഉപയോഗിക്കാറുണ്ട്.
വറുത്ത ഉരുളക്കിഴങ്ങ്, ബീൻസ്, കാരറ്റ് തുടങ്ങിയ പച്ചക്കറികളും സ്പെഷൽ ഗ്രേവിയും യോർക് ഷയർ പുഡിങ്ങും റോസ്റ്റ് ചെയ്ത മാംസവും ഒരുമിച്ച് പ്ലേറ്റ് ചെയ്യുന്നതാണ് ഇതിന്‍റെ രീതി. റോസ്റ്റ് ചെയ്ത ഇറച്ചി മുറിച്ചാണ് പ്ലേറ്റുകളിലേക്ക് മാറ്റുക. ഉരുളക്കിഴങ്ങ്, കോളിഫ്ലവർ, ബ്രൊക്കോളി, ഗ്രീൻപീസ്, ബ്രൂസൽസ് സ്പ്രൗട്ട് (കാബേജ് പോലുള്ള ഒരുതരം പച്ചക്കറി- ഇത് അധികം പാകമാവാത്തത്), ബീൻസ് എന്നിങ്ങനെ ഏതു പച്ചക്കറികളും വേവിച്ചോ, ആവിയിൽ വേവിച്ചോ വറുത്തെടുത്തോ റോസ്റ്റിനൊപ്പം കഴിക്കാം.
സ്റ്റാർച്ചും സോസുകളും സ്പൈസസും ചേർത്തുള്ള സ്പെഷൽ ഗ്രേവിക്കൊപ്പമാണ് ഇത് വിളമ്പുക. സൺഡേ റോസ്റ്റിൽ പ്രധാനി യോർക്ഷെയർ പുഡിങ് (Yorkshire Pudding) ആണ്. മുട്ടയും മൈദയും പാലും കുക്കിങ് ഓയിലുമെല്ലാം ചേർത്ത് മയപ്പെടുത്തിയ മാവ് ബേക്ക് ചെയ്തെടുക്കുന്ന ബ്രെഡാണ് യോർക് ഷെയർ പുഡിങ്.
റോസ്റ്റ്, വെജിറ്റബ്ൾസ്, ഗ്രേവി, യോർക്ഷെയർ പുഡിങ് ഇത് ഒരുമിച്ചുചേരുന്ന രുചിയുടെ മേളയാണ് സൺഡേ റോസ്റ്റ്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെല്ലാം സൺഡേ റോസ്റ്റ് പ്രസിദ്ധമാണ്. ചിലയിടത്ത് വെജിറ്റബ്ൾ ബേക്ക് ചെയ്തതോ പൊരിച്ചെടുത്തതോ ആകും.