തിരുവോണത്തിന് വെണ്ടക്ക രുചിക്കൂട്ട്
text_fieldsഓണം എന്നാൽ മനസിൽ ആദ്യം വരുന്നത് വിഭവസമൃദ്ധമായ സദ്യ തന്നെ. ആറ് രസങ്ങൾ ചേർന്നതാണ് ആയുർവേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. അതിൽപ്പെട്ട ഒരു വിഭവമാണ് വെണ്ടക്ക കിച്ചടി. പച്ചക്കറികളിൽ വെച്ച് തന്നെ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടക്ക. വെണ്ടക്ക കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ.
വിറ്റാമിൻ എ,ബി,സി, ഇ, കെ എന്നിവ കൂടാതെ അയൺ, കാൽഷ്യം, മഗ്നീഷ്യം, പൊട്ടാഷ്യം, സിങ്ക് എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. പതിവാക്കിയാൽ കാഴ്ച ശക്തിക്ക് നല്ലതാണ്. ഏത് പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തൈരും നാളികേരവും ചേർത്തുണ്ടാക്കുന്ന ഈ വെണ്ടക്ക കിച്ചടി സദ്യയിലെ കെങ്കേമൻ വിഭവമാണ്.
ചേരുവകൾ:
- വെണ്ടക്ക -1കിലോ
- മുളക് പൊടി -2 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ -2ടേബിൾ സ്പൂൺ
- കടുക് -1ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
- കറിവേപ്പില -ആവശ്യത്തിന്
- വറ്റൽ മുളക് -2,3 എണ്ണം
- നാളികേരം -1 കപ്പ്
- കട്ട തൈര് -1കപ്പ്
- പച്ച മുളക് -1 എണ്ണം
തയ്യാറാക്കുന്ന വിധം:
വെണ്ടക്ക ചെറിയ കഷണങ്ങൾ ആയി അരിഞ്ഞ് അതിലേക് മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ഇട്ട ശേഷം 15മിനിറ്റ് മസാല പുരട്ടി വെക്കുക്ക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു വറ്റൽ മുളകും ഉഴുന്നു പരിപ്പും കറി വേപ്പിലയും ഇട്ടു കൊടുത്തു നേരത്തെ മസാല പുരട്ടി വെച്ച വെണ്ടക്ക ഇട്ടു കൊടുത്തു ഫ്രൈ ചെയ്തെടുക്കുക.
ശേഷം നാളികേരവും തൈരും പച്ചമുളകും കൂടി ഒന്ന് അരച്ചെടുക്കുക. അതിലേക് നേരത്തെ ഫ്രൈ ചെയ്തു വെച്ച വെണ്ടക്ക ഇട്ട് യോജിപ്പിക്കുക. സ്വാധിഷ്ടമായ വെണ്ടക്ക കിച്ചടി റെഡി.