Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightഭീമൻ സ്റ്റീക്ക് മുതൽ...

ഭീമൻ സ്റ്റീക്ക് മുതൽ പശുവിന്‍റെ ഹൃദയം വരെയുള്ള 6,000 കലോറി; ഹാലണ്ടിന്റെ ഒരു ദിവസത്തെ ഭക്ഷണക്രമം കേട്ടാൽ ഞെട്ടും!

text_fields
bookmark_border
ഭീമൻ സ്റ്റീക്ക് മുതൽ പശുവിന്‍റെ ഹൃദയം വരെയുള്ള 6,000 കലോറി; ഹാലണ്ടിന്റെ ഒരു ദിവസത്തെ ഭക്ഷണക്രമം കേട്ടാൽ ഞെട്ടും!
cancel

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഏർലിങ് ഹാലണ്ടിന്റെ ഒരു ദിവസത്തെ ഭക്ഷണക്രമം കേട്ടാൽ ആരും മൂക്കത്ത് വിരൽ വെച്ചുപോകും. ഒരു സാധാരണ മനുഷ്യന് ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയൊരു ദൗത്യമാണ് ഓരോ ദിവസവും തന്റെ കായികക്ഷമത നിലനിർത്താനായി ഈ നോർവീജിയൻ സ്ട്രൈക്കർ ചെയ്യുന്നത്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു കായികവിനോദം പോലെയാണ് അദ്ദേഹം തന്റെ ഭക്ഷണത്തെ സമീപിക്കുന്നത്. പ്രതിദിനം ഏകദേശം 6,000 കലോറി ഊർജ്ജം നൽകുന്ന ഭക്ഷണമാണ് ഹാലണ്ട് കഴിക്കുന്നത്.

സാധാരണക്കാർ കഴിക്കുന്നതുപോലെയുള്ള ഒരു ലളിതമായ പ്രഭാതഭക്ഷണമല്ല ഹാലണ്ടിന്റേത്. രാവിലെ മാത്രം ഏകദേശം 1,000 കലോറിയോളം അദ്ദേഹം ശരീരത്തിലെത്തിക്കുന്നു. നാല് മുട്ടകൾ, തൈര്, ടോസ്റ്റ് എന്നിവയോടെയാണ് ഈ വലിയ ഭക്ഷണക്രമത്തിന്റെ തുടക്കം. ഇതിനൊപ്പം താരം തന്റെ 'മാന്ത്രിക മരുന്ന്' എന്ന് വിശേഷിപ്പിക്കുന്ന തിളപ്പിക്കാത്ത പാലും കുടിക്കാറുണ്ട്. ഒരു അത്ലറ്റിന്റെ ശരീരത്തിന് ആവശ്യമായ ഊർജ്ജം സംഭരിക്കാൻ ഈ പ്രഭാതഭക്ഷണം അദ്ദേഹത്തെ സഹായിക്കുന്നു.

പ്രഭാതഭക്ഷണത്തിന് ശേഷം ഹാലണ്ടിന് ഏറ്റവും പ്രിയപ്പെട്ട ഒരു ഇറ്റാലിയൻ ഡെലിയിലെ ഉച്ചഭക്ഷണമാണ് അടുത്തത്. ഹാലണ്ടിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് അവർ ഒരു പ്രത്യേക സാൻഡ്‌വിച്ച് തന്നെ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർമ ഹാം, ബുറാട്ട ചീസ്, വെയിലത്ത് ഉണക്കിയ തക്കാളി, റോക്കറ്റ് ലീവ്സ്, ട്രഫിൾ ഓയിൽ, പെസ്റ്റോ എന്നിവ ചേർത്താണ് ഈ വിഭവം തയാറാക്കുന്നത്. ഏകദേശം 1,100 കലോറിയുള്ള ഈ സാൻഡ്‌വിച്ച് കഴിക്കുമ്പോഴേക്കും സാധാരണക്കാരുടെ വയറ് നിറയുമെങ്കിലും ഹാലണ്ടിന് ഇത് ഒരു ചെറിയ പങ്ക് മാത്രമാണ്. പശുവിന്റെ ഹൃദയം, പോത്തിന്‍റെ കരൾ എന്നിവ പോലെ പോഷകഗുണങ്ങൾ ഏറെയുള്ള മാംസങ്ങൾ, കടലിൽ നിന്ന് നേരിട്ട് പിടിക്കുന്ന മീനുകൾ (സീ ബാസ് പോലെയുള്ളവ), ആസ്പരാഗസ്, കൂടാതെ എഗ്ഗ് ഫ്രൈഡ് റൈസ് എന്നിവയാണ് ഹാലന്‍റിന്‍റെ ചില സ്പെഷ്യൽ ഭക്ഷണങ്ങൽ.

രാത്രി ഭക്ഷണത്തിലാണ് ഏറ്റവും വലിയ വെല്ലുവിളി ഒളിഞ്ഞിരിക്കുന്നത്. ഏകദേശം 3,000 കലോറിയോളം വരുന്ന ഒരു ഭീമൻ ഡിന്നറാണ് താരം കഴിക്കുന്നത്. ഇതിന്റെ പ്രധാന ആകർഷണം 2.5 പൗണ്ട് ഭാരമുള്ള ഭീമാകാരമായ ടോമാഹോക്ക് സ്റ്റീക്ക് ആണ്. അതോടൊപ്പം പോഷകസമൃദ്ധവും കൊളാജൻ ധാരാളമായി അടങ്ങിയതുമായ ബോൺ മാരോയും ഹാലണ്ട് തന്റെ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഈ കനത്ത ഭക്ഷണത്തിനൊപ്പം സാധാരണ വെള്ളം മാത്രമാണ് അദ്ദേഹം കുടിക്കുന്നത്.

സി.ബി.എസ് ന്യൂസ് പ്രതിനിധിയായ ലെയ്ഗ് കിനിരി ഹാലണ്ടിന്റെ ഈ ഭക്ഷണക്രമം ഒരു ദിവസം മുഴുവൻ പിന്തുടർന്ന് പരീക്ഷിച്ച് നോക്കിയെങ്കിലും, രാത്രിയിലെ ആ ഭീമൻ സ്റ്റീക്കിന് മുന്നിൽ അവർക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. ഹാലണ്ടിന്റെ കളിക്കളത്തിലെ അസാധ്യമായ വേഗതക്കും കരുത്തിനും പിന്നിലെ രഹസ്യം ഈ കഠിനമായ ഭക്ഷണക്രമമാണ്. ഒരു സാധാരണക്കാരന് ഇത് ചിന്തിക്കാൻ പോലും സാധിക്കാത്ത ഒന്നാണെങ്കിലും, ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഹാലണ്ടിന് ഇത് വെറുമൊരു ദിനചര്യ മാത്രമാണ്.

Show Full Article
TAGS:erling haaland Diet Plan Foods food news Footballer 
News Summary - haaland food diet
Next Story