ഉപയോഗിച്ച ഡിസ്പോസിബിൾ കപ്പുകളിൽ വീണ്ടും ജ്യൂസ് നൽകി; ഫോറം മാളിലെ പി.വി.ആർ ഐനാക്സ് ജ്യൂസ് കൗണ്ടറിന് പൂട്ട്
text_fieldsബെംഗളൂരു: ഫോറം മാളിലെ പി.വി.ആർ ഐനാക്സ് മൾട്ടിപ്ലക്സിൽ പ്രവർത്തിച്ചിരുന്ന ജ്യൂസ് കൗണ്ടർ കർശന നടപടിയുടെ ഭാഗമായി അടപ്പിച്ചു. ഉപഭോക്താക്കൾക്കായി നൽകുന്ന ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ കപ്പുകൾ ജീവനക്കാർ വീണ്ടും ഉപയോഗിക്കുന്നുവെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തുകയും കൗണ്ടർ പൂട്ടാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
നവമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളെ തുടർന്ന് വലിയ രീതിയിലുള്ള പൊതുജന അമർഷമാണ് ഉയർന്നത്. കഴിഞ്ഞ നവംബർ 5-നാണ് മിഥിൽ കുമാർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ഫോറം മാളിലെ പി.വി.ആർ ഐനാക്സ് ഔട്ട്ലെറ്റിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഉപയോഗിച്ച ജ്യൂസ് കപ്പുകൾ കൂട്ടിയിട്ട് കഴുകി വീണ്ടും ആവശ്യക്കാർക്ക് നൽകാൻ ഉപയോഗിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഈ ദൃശ്യങ്ങൾ നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുകയും സിനിമാ ശാലകളിലെ ഫുഡ് ആൻഡ് ബെവറേജ് കൗണ്ടറുകളുടെ ശുചിത്വ നിലവാരത്തെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു. നിരവധി ആളുകളാണ് സ്ഥാപനത്തിന്റെ ഇത്തരം നടപടികൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർണാടക ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ദക്ഷിണ ബെംഗളൂരുവിലെ കൊനനകുന്റെ ക്രോസിലുള്ള ഫോറം മാളിലെ പി.വി.ആർ ഐനാക്സ് ഔട്ട്ലെറ്റിൽ നേരിട്ട് പരിശോധന നടത്തി. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ വലിയ ലംഘനങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കായി. ഇതിനെത്തുടർന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ജ്യൂസ് കൗണ്ടർ ഉടൻ തന്നെ അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു. കർണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദറും ഈ നടപടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ വൻകിട ബ്രാൻഡുകളായാലും ചെറിയ കടകളായാലും ഒരേ നിയമങ്ങൾ തന്നെയായിരിക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് മുൻഗണന നൽകി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും കൃത്യമായ ശുചിത്വ പാലനവും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മാൾ മാനേജ്‌മെന്റും പി.വി.ആർ ടീമും ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും വിഷയം ഗൗരവമായി അന്വേഷിച്ച് വരികയാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.


