ഭക്ഷണങ്ങളിൽ ഇനി പ്രകൃതിദത്ത നിറങ്ങൾ
text_fieldsവാഷിങ്ടൺ: കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണപദാർഥങ്ങൾ ഇന്ന് നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണ്. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ സിന്തറ്റിക് നിറങ്ങൾക്ക് നിയന്ത്രണവും കൂടി വരുകയാണ്. അതുകൊണ്ടുതന്നെ പ്രകൃതിദത്ത ബദലുകൾ കണ്ടെത്താനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ഭക്ഷ്യമേഖലയിലെ കമ്പനികൾ. ഈ രംഗത്ത് ഏറ്റവും പ്രതീക്ഷ നൽകുന്ന നൂതനാശയങ്ങളിൽ ഒന്നാണ് മൈക്രോ ആൽഗകളുടെ ഉപയോഗം.
ഫ്രഞ്ച് ബയോടെക് സ്ഥാപനമായ ഫെർമെന്റൽഗ് ആണ് ഇതിൽ മുന്നിൽ. ഗാൽഡിയേരിയ സൾഫ്യൂറിയ വിഭാഗത്തിൽപെടുന്ന ആൽഗ ഉൽപാദിപ്പിക്കുന്ന ഗാൽഡിയേരിയ ബ്ലൂ എന്ന നീല പിഗ്മെന്റിന്റെ ഉൽപാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മേയ് മാസത്തിൽ, യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) ഗാൽഡിയേരിയ നീല അംഗീകരിച്ചിരുന്നു.
യു.എസ് ആസ്ഥാനമായുള്ള സെൻസന്റ് ടെക്നോളജീസ് കമ്പനി കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകൾ കൃഷി ചെയ്ത് ചുവപ്പ്, പർപ്പിൾ എന്നിവയുടെ സ്വാഭാവിക നിറങ്ങൾ വികസിപ്പിക്കുന്നുണ്ട്. പ്രകൃതി ദത്ത നിറങ്ങൾ വേർതിരിച്ചെടുക്കുന്നത് അൽപം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. രീതികളിലെ ചെറിയ വ്യതിയാനങ്ങൾ പോലും അന്തിമ ഫലത്തെ ബാധിക്കും. ഇവക്ക് വില കൂടുതലാണെങ്കിലും ഉൽപന്നത്തിൽ ഉപയോഗിക്കേണ്ട അളവ് കുറവായതിനാൽ ബുദ്ധിമുട്ടാവില്ല.