മഹുവയുടെ ലഞ്ച് ആർക്കും വേണ്ട; എന്തുകൊണ്ട് ?
text_fieldsമഹുവ മൊയ്ത്ര
റൊട്ടിയും വെണ്ടക്കയും നല്ല രീതിയിൽ പാകം ചെയ്താൽ നല്ല ആരോഗ്യഭക്ഷണംതന്നെയാണ്. വെണ്ടക്കയിൽ കലോറി കുറവും ഫൈബർ കൂടുതലുമാണ്. ദഹനത്തിന് സഹായിക്കുന്ന വൈറ്റമിനുകളും മിനറലുകളും അതിലുണ്ട്. എന്നിരുന്നാലും എല്ലാ ദിവസവും ഒരേ ഭക്ഷണമെന്നത് ആരോഗ്യ ശീലമല്ല. വിവിധ പോഷകങ്ങൾ ലഭിക്കാൻ, ആരോഗ്യകരമായ വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്’’ - ആശ്ലേഷ ജോഷി, ഫിറ്റ്നസ് ഡയറ്റീഷ്യൻ
നമ്മുടെ പാർലമെന്റിലെ തീപ്പൊരി പോരാളിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയോട് ടിഫിൻ പങ്കു ചോദിച്ച് ആരും വരാറില്ലത്രെ. രഹസ്യം വെളിപ്പെടുത്തിയത് മഹുവതന്നെയാണ്: ‘‘പാർലമെന്റ് കാന്റീനിൽനിന്നല്ല, വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് ഞാൻ ഉച്ചക്ക് കഴിക്കാറുള്ളത്. അത് ഷെയർ ചെയ്യാൻ സഹപ്രവർത്തകർ ആവശ്യപ്പെടാറുമില്ല. കാരണം, വെറും റൊട്ടിയും വെണ്ടക്ക തോരനും മാത്രമാണ് എന്റെ ടിഫിനിലുണ്ടാവുക’’ -മഹുവ പറയുന്നു.
കഴിക്കുമ്പോൾ പലരും അടുത്തു വന്ന് നോക്കിയിട്ട്, ‘അയ്യേ, ഇതാണോ കഴിക്കുന്നത്’ എന്ന് ചോദിച്ച് തിരിച്ചുപോകാറാണ് പതിവെന്നും അവർ കൂട്ടിച്ചേർക്കുന്നു. അതുകൊണ്ടുതന്നെ ആർക്കും കൊടുക്കാതെ എല്ലാം തനിക്കുതന്നെ കഴിക്കാമെന്നും ചിരിയോടെ മഹുവ വിവരിക്കുന്നു.
അതേസമയം, മറ്റു അംഗങ്ങളുടെ ഭക്ഷണത്തിന്റെ പങ്ക് ചിലപ്പോൾ താൻ കഴിക്കാറുണ്ടെന്നും അവർ പറയുന്നു. ‘‘ആന്ധ്രയിൽനിന്നുള്ള ചില അംഗങ്ങൾ കൊണ്ടുവരുന്ന കീമ ബിരിയാണി എനിക്ക് ഏറെ ഇഷ്ടമാണ്. സുപ്രിയ സുലെയുടെ മഹാരാഷ്ട്ര വിഭവമായ ആലു കിച്ച്ഡിയും അടിപൊളിയാണ്’’ -മഹുവയുടെ രുചിക്കഥകൾ ഇങ്ങനെ പോകുന്നു.


