കൗതുകമായി മീകോസ് സീഫുഡ് മേളയിലെ 'നീരാളി' രുചിക്കൂട്ട്
text_fieldsകൊച്ചി: മത്സ്യപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി മീകോസ് സീഫുഡ് മേളയിലെ നീരാളി വിഭവങ്ങൾ. നാലാമത് ആഗോള മറൈൻ സിംപോസയമായ മീകോസിനോടനുബന്ധിച്ച് നടത്തുന്ന സീഫുഡ് മേളയിലാണ് നീരാളി മോമൊ, നീരാളി റോസ്റ്റ് തുടങ്ങി വൈവിധ്യമായ വിഭവങ്ങളുള്ളത്. കല്ലുമ്മക്കായ, ചെമ്മീൻ, കൂന്തൽ, മത്സ്യവിഭവങ്ങളും മേളയിലുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സമയം.
ബംഗാൾ ഉൾക്കടൽ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ തമ്മിൽ ഗവേഷണ സഹകരണം അനിവാര്യമാണെന്ന് ബിംസ്‌ടെക് ഇന്ത്യ മറൈൻ റിസർച്ച് നെറ്റ് വർകിന്റെ (ബിംറെൻ) ആദ്യ പങ്കാളിത്ത സംഗമം അഭിപ്രായപ്പെട്ടു. മീകോസ് നാലിനോട് അനുബന്ധിച്ച് നടത്തിയ സംഗമത്തിലാണ് നിർദേശം.
വിദേശകാര്യ മന്ത്രാലയത്തിന്റെയും ബേ ഓഫ് ബംഗാൾ പ്രോഗ്രാം-ഇന്‍റർ ഗവൺമെന്റൽ ഓർഗനൈസേഷന്റെയും സംയുക്ത സംരംഭമാണ് ബിംറെൻ. ഇന്ത്യയാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്.
ബിംസ്‌ടെക് അംഗരാജ്യങ്ങളിലെ ശാസ്ത്രജ്ഞർ, നയതന്ത്ര വിദഗ്ധർ, സ്ഥാപനങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും, അറിവ് കൈമാറ്റം ചെയ്യാനും, പൊതുവായ പ്രശ്‌നങ്ങൾക്ക് സംയുക്തമായി പരിഹാരം കാണാനും സഹായിക്കുന്ന സവിശേഷ വേദിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എസ്.ആർ. റാം പറഞ്ഞു.


