Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവായിലിട്ടാൽ അലിഞ്ഞു...

വായിലിട്ടാൽ അലിഞ്ഞു പോകും 'കാരറ്റ് ഗുലാബ് ജാം'

text_fields
bookmark_border
food
cancel
camera_alt

കാരറ്റ് ഗുലാബ് ജാം

ഈയിടെ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ് ആയ ഒന്നാണ് കാരറ്റ് ഗുലാബ് ജാം. സാധാരണ ഗുലാബ് ജാമിനേക്കാൾ ഹെൽത്തിയും അത്ര തന്നെ രുചികരവുമാണിത്. വീട്ടിലുള്ള ലളിതമായ ചേരുവകൾ കൊണ്ട് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

കാരറ്റ് - 250 ഗ്രാം (തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത്)

പാൽ - 1/2 കപ്പ്

പാൽപ്പൊടി - 1/2 കപ്പ്

റവ - 2 ടേബിൾസ്പൂൺ

നെയ്യ് - 2 ടേബിൾസ്പൂൺ

ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ

എണ്ണ - വറുക്കാൻ ആവശ്യത്തിന്

പഞ്ചസാര - 1 കപ്പ്

വെള്ളം - 1 കപ്പ്

ഏലക്ക - 2-3 എണ്ണം

തയാറാക്കുന്ന വിധം:

ഗ്രേറ്റ് ചെയ്ത കാരറ്റ് ഒരു പാനിലിട്ട് അല്പം നെയ്യ് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരക്കപ്പ് പാൽ ഒഴിച്ച് കുറഞ്ഞ തീയിൽ വേവിക്കുക. കാരറ്റ് വെന്ത് പാൽ പൂർണ്ണമായും വറ്റിക്കഴിയുമ്പോൾ ഇത് അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെക്കുക. തണുത്ത ശേഷം മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക.

അരച്ചെടുത്ത കാരറ്റ് പേസ്റ്റിലേക്ക് പാൽപ്പൊടി, റവ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി കുഴക്കുക. ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി മൃദുവായ പരുവത്തിലായിരിക്കണം ഇത്. കൈയ്യിൽ അല്പം നെയ്യ് തടവി ചെറിയ ഉരുളകളാക്കി മാറ്റുക. ഉരുളകളിൽ വിള്ളലുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മാവ് ഒരുപാട് കട്ടിയായാൽ അല്പം പാൽ ചേർത്ത് മയപ്പെടുത്താം.ഒരു പാനിൽ എണ്ണ ചൂടാക്കി തയ്യാറാക്കി വെച്ച ഉരുളകൾ ഇതിലിട്ട് വറുത്തെടുക്കുക. തീ കുറച്ചു വെച്ച് വേണം വറുക്കാൻ, അല്ലെങ്കിൽ പുറംഭാഗം പെട്ടെന്ന് കരിയുകയും ഉൾഭാഗം വേവാതിരിക്കുകയും ചെയ്യും. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് മാറ്റാം.

ശേഷം ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ഏലക്കയും ചേർത്ത് തിളപ്പിക്കുക. ഇതൊരു നൂൽ പരുവം ആകേണ്ടതില്ല, മറിച്ച് ഒട്ടിപ്പിടിക്കുന്ന പാകമായാൽ മതി. നേരത്തേ വറുത്തെടുത്ത ഉരുളകൾ ചൂടോടെ തന്നെ പഞ്ചസാര പാനിയിലേക്ക് ഇടുക. കുറഞ്ഞത് 2-3 മണിക്കൂർ പാനിയിൽ കിടന്നാൽ മാത്രമേ ജാം നന്നായി സോഫ്റ്റ് ആവുകയുള്ളൂ.

വിളമ്പുന്നതിന് മുൻപ് അണ്ടിപ്പരിപ്പോ പിസ്തയോ ചേർത്ത് അലങ്കരിക്കാവുന്നതാണ്. 'ഈ സീസണിൽ ഗസ്റ്റുകൾ വരുമ്പോൾ ഇത് തീർച്ചയായും പരീക്ഷിക്കാവുന്നതാണ്.

Show Full Article
TAGS:gulab jamun Food Recipe Foods Carrot sweets 
News Summary - 'Carrot Gulab Jam' melts in your mouth
Next Story