ചിക്കൻ ഫത്തേഹ്
text_fieldsകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവുന്ന ഒരു ഹെൽത്തി വിഭവമാണ് ചിക്കൻ ഫത്തേഹ്. ഈജിപ്തിലും മറ്റു മിഡിലീസ്റ്റ് രാജ്യങ്ങളിലും അതിഥികളെ സൽകരിക്കാൻ തയാറാക്കുന്ന പരമ്പരാഗതമായ ഒരു വിഭവം.
ചേരുവകൾ
- വെള്ളക്കടല - ഒരു കപ്പ്
- എല്ല് ഇല്ലാത്ത ചിക്കൻ - 250 ഗ്രാം
- ഉരുളക്കിഴങ്ങ് - വലുത് രണ്ട്
- കുരുമുളക് പൊടി - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- കുബൂസ് - ഒരെണ്ണം
- യോഗർട്ട് (പുളി ഇല്ലാത്തത് ) -ഒരു കപ്പ്
- ചെറുനാരങ്ങ നീര് - ഒരു ടീസ്പൂൺ
- വെളുത്തുള്ളി - മൂന്ന് അല്ലി
- തഹീന പേസ്റ്റ് - രണ്ട് ടേബിൾസ്പൂൺ
- ഒലീവ് ഓയിൽ - രണ്ട് ടേബിൾസ്പൂൺ
- സൺഫ്ലവർ ഓയിൽ - ആവശ്യത്തിന്
- പാഴ്സിലി ലീഫ് - ആവശ്യത്തിന്
തയാറാക്കേണ്ട വിധം
4-5 മണിക്കൂർ കുതിർത്തുവെച്ച വെള്ളക്കടല ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുത്തതിനുശേഷം വെള്ളം കളഞ്ഞു മാറ്റി വെക്കുക. ചെറിയ ക്യൂബ് രൂപത്തിൽ മുറിച്ചെടുത്ത ചിക്കനിലേക്കു ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഒരു ടേബിൾസ്പൂൺ ഒലീവ് ഓയിൽ തവ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ശേഷം രണ്ട് വലിയ ഉരുളക്കിഴങ്ങ് ചെറിയ ക്യൂബുകളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പകുതി വേവിച്ചു വെള്ളം ഊറ്റി വെക്കുക. ഈ വേവിച്ചു വെച്ച ഉരുളക്കിഴങ്ങിനെ ഒരു ടേബിൾസ്പൂൺ ഒലീവ് ഓയിലിൽ തവ ഫ്രൈ ചെയ്തെടുക്കുക. ഒരു കുബൂസ് ചെറിയ കഷണങ്ങളാക്കി സൺഫ്ലവർ ഓയിലിൽ ക്രിസ്പി ആവുന്നത് വേറെ ഫ്രൈ ചെയ്തെടുക്കുക (കുബൂസ് ഓവനിൽ ബേക്ക് ചെയ്തും എടുക്കാവുന്നതാണ്). ഒരു കപ്പ് യോഗേർട്ടിൽ രണ്ട് ടേബിൾ സ്പൂൺ തഹീന പേസ്റ്റ് , ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ചെറുതായി ക്രഷ് ചെയ്ത മൂന്ന് അല്ലി വെളുത്തുള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. ശേഷം ഒരു പരന്ന ബൗൾ എടുത്ത് ഇതെല്ലാം സെറ്റ് ചെയ്യാം. ആദ്യം ഫ്രൈ ചെയ്ത കുബൂസിന്റെ പകുതി ഭാഗം എടുത്തു ഫസ്റ്റ് ലെയറായി സെറ്റ് ചെയ്യാം. ശേഷം വേവിച്ചു മാറ്റിവെച്ച വെള്ളക്കടല രണ്ടാമത്തെ ലെയറായും ഫ്രൈ ചെയ്തുവെച്ച ചിക്കനും ഉരുളക്കിഴങ്ങും മൂന്നാമത്തെ ലെയറായും സെറ്റ് ചെയ്യാം. യോഗർട്ടിന്റെ മിശ്രിതം മുകളിലത്തെ ലെയറായി ഒഴിക്കുക. മാറ്റി വെച്ച ഫ്രൈ ചെയ്ത കുബൂസിന്റെ ബാക്കി ഭാഗം മുകളിൽ ഇട്ട ശേഷം ആവശ്യത്തിന് ചെറുതായി കട്ട് ചെയ്ത പാഴ്സിലി ലീഫും (രുചി ഇഷ്ടപ്പെടാത്തവർക്ക് ഇത് ഒഴിവാക്കാം) ചേർത്ത് സെർവ് ചെയ്യാം. ക്രീമിയും ക്രഞ്ചിയും ഹെൽത്തിയുമായ ഈ ചിക്കൻ ഫത്തേഹ് നോമ്പുതുറ സമയങ്ങളിൽ വിരുന്നുകാരുടെയും കുട്ടികളുടെയും മനം കവരുന്ന ഒരു അടിപൊളി വിഭവം തന്നെയാണ്