ഞൊടിയിടയിൽ തയാറാക്കാം നല്ല ക്രിസ്പി ഗോബി 65
text_fieldsഒരുപാട് അതിശയകരമായ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന പച്ചക്കറി ആണ് കോളിഫ്ലവർ. ആന്‍റി ഓക്സിടെന്‍റുകൾ കൊണ്ട് സമ്പന്നമായത്. ഇക്കാലങ്ങളിൽ ഏറ്റവും ജനപ്രിയമേറിയ പച്ചക്കറി. ചിക്കന് പകരക്കാരനായിട്ടും ഇതിനെ കണക്കാക്കാറുണ്ട്. വെജിറ്റേറിയൻസിനു നല്ല മുരുമുരുപ്പോടെ കഴിക്കാൻ പറ്റിയ നല്ലൊരു ഐറ്റം ആണ് ഗോബി 65. ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് ചിക്കൻ ഫ്രൈക്കു പകരമായി ഇതു പോലെ ഉണ്ടാക്കി കഴിക്കാവുന്നതാണ്.
ചേരുവകൾ:
- കോളിഫ്ലവർ -1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
- കുരുമുളക് പൊടി -1 ടീസ്പൂൺ
- കാശ്മീരി ചില്ലി പൌഡർ -1 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി-1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
- വിനാഗിരി/സുർക്ക -1 ടേബിൾ സ്പൂൺ
- പച്ച മുളക് കീറിയത് -4 എണ്ണം
- കറിവേപ്പില -1 പിടി
- കോൺ ഫ്ലോർ -1 ടേബിൾ സ്പൂൺ
- കടലമാവ് -1 ടീസ്പൂൺ
- നല്ല ജീരകപ്പൊടി -1/2 ടീസ്പൂൺ
- ഗരം മസാല -1/2 ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം:
കോളിഫ്ലവർ ഓരോന്നായി അടർത്തിയെടുത്ത ശേഷം മഞ്ഞളും ഉപ്പും ഇട്ട വെള്ളത്തിൽ തിളപ്പിച്ചെടുക്കണം. ശേഷം അരിപ്പയിലേക്കിട്ടു വെള്ളം കളഞ്ഞെടുക്കണം. കറി വേപ്പിലയും പച്ചമുളകും എണ്ണയും അല്ലാത്ത എല്ലാ ചേരുവകളും ഒരു ബൗളിലേക്കിട്ട് സുർക്ക ഒഴിച്ച് നന്നായി യോജിപ്പിച്ചെടുത്ത് ഓരോ പുഴുങ്ങി വെച്ച കോളിഫ്ലവർ അല്ലികളെല്ലാം അതിലേക്കിട്ടു യോജിപ്പിച്ചു വറുത്തെടുക്കാം. കൂടെ കറിവേപ്പിലയും പച്ചമുളകയും വറുത്തുകോരി ഇട്ടു കൊടുത്താൽ ഗോബി 65 റെഡി.