സ്റ്റാർട്ടർ ആയി കൊടുക്കാം ഡ്രാഗൺ ചിക്കൻ
text_fieldsഇടക്കൊരു വെറൈറ്റി ആഗ്രഹിക്കുന്നവരാണല്ലോ നമ്മൾ. പ്രത്യേകിച്ച് അതിഥികൾ വരുമ്പോൾ. അങ്ങനെ ഉള്ള അവസരങ്ങളിൽ ഉണ്ടാക്കി എടുക്കാൻ പറ്റിയ ചിക്കന്റെ ഒരു അഡാർ ഐറ്റം.
ചേരുവകൾ
- ചിക്കൻ (ബോൺ ലെസ്സ്)-500 ഗ്രാം
- ക്യാപ്സിക്കം -1
- സവാള -2, ●മുട്ട -1
- വറ്റൽമുളക് -4
- റെഡ് ചില്ലി പേസ്റ്റ് -3 ടീസ്പൂൺ
- സോയാ സോസ് -2 ടീസ്പൂൺ
- റ്റൊമാറ്റൊ സോസ് -3 ടീസ്പൂൺ
- കശുവണ്ടി പരിപ്പ് -6
- കോൺഫ്ളോർ -1/2 കപ്പ്
- കുരുമുളക് പൊടി-1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
- പഞ്ചസാര -1 നുള്ള്
- ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കൻ, ക്യാപ്സിക്കം, സവാള എന്നിവ നീളത്തിൽ അരിഞ്ഞുവെക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം മുട്ട, കോൺഫ്ളോർ, കുറച്ച് ഉപ്പ്, സോയാ സോസ്, റെഡ് ചില്ലി പേസ്റ്റ്, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനിൽ നന്നായി പുരട്ടി 15 മിനിട്ട് വെയ്ക്കുക.
ശേഷം പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി ചിക്കൻ കഷണങ്ങൾ വറുത്തുകോരി മാറ്റി വെയ്ക്കുക. പിന്നീട് വറ്റൽ മുളക്, കശുവണ്ടി പരിപ്പ് ചെറുതായി അരിഞ്ഞത് എല്ലാം ചേർത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള, ക്യാപ്സിക്കം ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ഇതിലേയ്ക്ക് ബാക്കി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റിക്കൊടുക്കണം.
ബാക്കി റെഡ് ചില്ലി പേസ്റ്റ്, സോയാ സോസ്, റ്റൊമാറ്റൊ സോസ് ഇവയും, പാകത്തിനു ഉപ്പ്, പഞ്ചസാര ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കുക. കുറച്ച് കുറുകി വരുമ്പോൾ വറുത്ത് വച്ച ചിക്കൻ കഷണങ്ങൾ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം. സ്പ്രിങ്ങ് ഒനിയൻ അരിഞ്ഞതും ചേർത്ത് വിളമ്പാം. ഡ്രാഗൺ ചിക്കൻ തയാർ.