ആസ്വദിക്കൂ... ഫ്രാൻസിലെ ഫ്ലോട്ടിങ് ഐലൻഡ്
text_fieldsഫ്രാൻസിൽ വളരെ പ്രചാരത്തിലുള്ള ഡെസർട്ട് ആണ് ഫ്ലോട്ടിങ് ഐലൻഡ് (Floating Island അല്ലെങ്കിൽ Iles Flottantes). വളരെ സാധാരണമായി എല്ലാ അടുക്കളകളിലും കാണപ്പെടുന്ന കുറച്ച് സാധനങ്ങൾ കൊണ്ട് രുചികരവും വിശിഷ്ടവുമായ ഈ പലഹാരം തയാറാക്കാവുന്നതാണ്.
ഇംഗ്ലീഷ് പാചക എഴുത്തുകാരിയായ ഹന്ന ഗ്ലാസ് എഴുതിയ ദി ആർട്ട് ഓഫ് കുക്കറി മെയ്ഡ് പ്ലെയിൻ ആൻഡ് ഈസി (1747) എന്ന ബുക്കിലാണ് ഫ്ലോട്ടിങ് ഐലൻഡിനെ കുറിച്ച് വിവരിക്കുന്നത്. രസ്മലായിയുടെ ഒരു നോൺ വെജ് വെർഷൻ ആണെന്ന് പറയാം.
ചേരുവകൾ
- മുട്ട- 6 (ആറ് മുട്ടയുടെ മഞ്ഞയും മൂന്ന് മുട്ടയുടെ വെള്ളയും മാത്രമേ ആവശ്യമുള്ളൂ)
- പാൽ- 2 കപ്പ് (500 ml)
- പഞ്ചസാര- 2/3 കപ്പ് ( 1/3 +1/3)
- വാനില എസൻസ്- 1 ടേബിൾ സ്പൂൺ
- കോൺഫ്ലവർ- 1 ടീ സ്പൂൺ
- കരാമൽ
- വെള്ളം- 2 ടേബിൾ സ്പൂൺ
- നാരങ്ങനീര്- 5ml (1 ടീസ്പൂൺ)
- പഞ്ചസാര- 1/3 കപ്പ്
തയാറാക്കേണ്ടവിധം
1. രണ്ട് കപ്പ് പാൽ ഒരു പരന്ന പാത്രത്തിൽ അടുപ്പിൽ വെക്കുക. ഒരു ടേബ്ൾസ്പൂൺ വാനില എസൻസ് ചേർക്കുക. ചെറിയ തീയിൽ ചൂടാക്കുക.
2. മിറാങ് (പഞ്ചസാരയും മുട്ടയും പതച്ച് ഉണ്ടാക്കുന്ന കൂട്ട്)
ഉണ്ടാക്കുന്ന വിധം:
മൂന്ന് മുട്ടയുടെ വെള്ള ഒട്ടും നനവില്ലാത്ത ഒരു ബൗളിൽ ഇട്ട് നന്നായി എഗ് ബീറ്റർ കൊണ്ട് പതപ്പിക്കുക. അൽപാൽപമായി 1/3 കപ്പ് പഞ്ചസാര ചേർക്കുക. നന്നായി പതഞ്ഞുപൊങ്ങണം. ഒരു സ്പൂണിൽ ഈ പത കോരി തലതിരിച്ചു പിടിച്ചാൽ ഇത് താഴെ വീഴരുത് -ഇതാണ് പാകം. ഇതിനോടൊപ്പം ഒരു ടീസ്പൂൺ കോൺഫ്ലവറും ചേർത്ത് മിക്സ് ചെയ്യുക.
അടുപ്പിൽവെച്ച പാൽ നന്നായി ചൂടായിട്ടുണ്ടാവും, എന്നാൽ തിളക്കാൻ പാടില്ല. ഒരു ഐസ്ക്രീം സ്കൂപ്പർ കൊണ്ട് ഓരോ സ്പൂൺ നിറയെ കോരി പാലിലേക്ക് പതുക്കെ ഇടുക. ഏകദേശം രണ്ടര-മൂന്ന് മിനിറ്റ് കഴിയുമ്പോൾ വളരെ സൂക്ഷിച്ച് പൊട്ടിപ്പോകാതെ തിരിച്ചിടണം. മറ്റേവശവും 2.5-3 മിനിറ്റ് വേവിക്കുക അതിനു ശേഷം ഇവയെ പാലിൽനിന്ന് മാറ്റി ഒരു പാത്രത്തിൽ തണുക്കാൻ വെക്കണം.
3. ആറ് മഞ്ഞക്കരു 1/3 കപ്പ് പഞ്ചസാര ചേർത്ത് ഒരു ബീറ്റർ കൊണ്ട് അടിക്കുക. അതിനുശേഷം മിറാങ് ഉണ്ടാക്കിയശേഷം ബാക്കിയായ പാൽ അരിച്ചെടുക്കുക. രണ്ടു കപ്പ് ഉണ്ടായിരിക്കണം (കുറവുണ്ടെങ്കിൽ കുറച്ച് പാൽ കൂടി ചേർത്ത് രണ്ട് കപ്പ് ആക്കണം).
തണുത്തശേഷം മഞ്ഞക്കരു മിശ്രിതം ഇതിൽ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിശ്രിതം ഒരു അരിപ്പയിൽ അരിച്ചെടുക്കുക. അതിനുശേഷം ഒരു സോസ് പാൻ മീഡിയം തീയിൽ അടുപ്പിൽ വെക്കുക.
ഇതിലേക്ക് മേൽപറഞ്ഞ മിശ്രിതം ഒഴിച്ച് ചെറിയ തീയിൽ കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക, അടിയിൽ പിടിക്കാതിരിക്കാൻ വേണ്ടിയാണിത്. അൽപസമയം കഴിയുമ്പോൾ തിളക്കുന്നതിന് മുമ്പുതന്നെ ഇത് കുറുകിയതായി കാണാം. ഇതാണ് പാകം. ഇത് തിളക്കാൻ പാടില്ല എന്ന കാര്യം ശ്രദ്ധിക്കണം.
4. കാരാമൽ ഉണ്ടാക്കാനായി രണ്ട് ടേബ്ൾ സ്പൂൺ വെള്ളം ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ എടുക്കുക. ഇതിൽ ഒരു ടീസ്പൂൺ നാരങ്ങനീര് ചേർക്കുക. ഇതിൽ1/3 കപ്പ് പഞ്ചസാര ചേർത്ത് ചുടാക്കുക. നേരിയ ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കുക. പഞ്ചസാര കാരാമലൈസ് ആയി ഒരു നൂൽ പാകത്തിൽ ആകുമ്പോൾ തീ കെടുത്താം.
സെർവ് ചെയ്യുന്ന രീതി:
ഒരു കോക്ടെയിൽ ഗ്ലാസോ/ ഡസർട്ട് ബൗളോ എടുക്കുക. ഏകദേശം 50 ml കസ്റ്റേർഡ് ബൗളിൽ ഒഴിക്കുക. അതിലേക്ക് ഒന്നോ രണ്ടോ കഷണം മിറാങ് പതുക്കെ ഇറക്കിവെക്കണം. അതിനു മുകളിൽ ഉണ്ടാക്കിയ കരാമൽ നൂൽവണ്ണത്തിൽ ചുറ്റിയൊഴിച്ച് അലങ്കരിക്കുക (ചിത്രത്തിൽ കാണുന്നതുപോലെ). റോസ്റ്റ് ചെയ്ത ആൽമണ്ട് ഫ്ലേക്സ് കൊണ്ട് അലങ്കരിക്കാവുന്നതാണ്.