പുഡ്ഡിങ് പോലെയുള്ള മധ്യകേരളത്തിലെ കിണ്ണത്തപ്പം
text_fieldsകിണ്ണത്തപ്പം ഒരു പരമ്പരാഗത മധുര പലഹാരമാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇതിന്റെ പാചക രീതിയിൽ പ്രകടമായ വ്യത്യാസമുണ്ട്. നന്നായി സ്റ്റീം ചെയ്ത് തയാറാക്കുന്ന സോഫ്റ്റായ, പായസത്തിന് സമാനമായ പുഡ്ഡിങ് പോലെയുള്ള മധ്യകേരളത്തിലെ കിണ്ണത്തപ്പമാണ് ഇവിടെ സൂചിപ്പിക്കുന്നത്. വളരെ എളുപ്പത്തിൽ ഇത് പാകം ചെയ്യാം.
ആവശ്യമായ ചേരുവകൾ
- വറുത്ത അരിപ്പൊടി - 1 കപ്പ്
- തേങ്ങാ പാൽ - 2 കപ്പ് (ഒന്നാം പാൽ)
- പഞ്ചസാര - മുക്കാൽ കപ്പ്
- ഏലക്ക പൊടി - അര ടീസ്പൂൺ
- ഉപ്പ് - 1 നുള്ള്
- നെയ്യ് - 1 ടീസ്പൂൺ (പാത്രം നെയ്യിട്ട് ഓയിലാക്കാനായി)
തയാറാക്കുന്ന വിധം:
അരിപ്പൊടി തേങ്ങാപാലും ചേർത്ത് നന്നായി അരച്ചെടുക്കുക (നല്ല മൃദുവായ മാവാകണം). അരച്ച മാവിലേക്ക് പഞ്ചസാര, ഏലക്ക പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഒരു കിണ്ണത്തിൽ നെയ്യ് പുരട്ടി അതിൽ നേരത്തെ തയാറാക്കിയ മാവ് കനം കുറച്ച് ഒഴിക്കുക.
തുടർന്ന് ഇത് അപ്പച്ചെമ്പിൽ വെച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക. 15-20 മിനിറ്റ് കഴിഞ്ഞ് സൂചി കുത്തി നോക്കിയാൽ വൃത്തിയായി വരികയാണെങ്കിൽ പാചകം പൂർത്തിയായി. തണുത്തശേഷം കഷണങ്ങളായി മുറിച്ച് കഴിക്കാം.
മലബാറിൽ അരിപ്പൊടി, വെല്ലം, തേങ്ങാപ്പാൽ, കടലപ്പരിപ്പ്, ഏലക്ക എന്നിവ ചേർത്തും കിണ്ണത്തപ്പം തയാറാക്കാറുണ്ട്.ചേർക്കുന്ന വെല്ലത്തിനെ അനുസരിച്ച് ഇതിന്റെ നിറം കടും കാപ്പിയോ കറുത്ത നിറമോ ആയിരിക്കും.