മാരിനേറ്റ് ചെയ്യാൻ 30 മിനിറ്റ്, ആവി കയറ്റാൻ 10 മിനിറ്റ്; ചൈനീസ് സ്റ്റീം ഫിഷ് റെഡി
text_fieldsചേരുവകൾ:
- ദശക്കട്ടയുള്ള മത്സ്യം- 1 (ഇടത്തരം വലുപ്പം, ഫ്രഷ്)
- ഇഞ്ചി- 1 കഷണം തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞത്
- വെളുത്തുള്ളി- 3 അല്ലി
- ഓയിൽ (അധികം മണമില്ലാത്ത സൺഫ്ലവർ ഓയിൽപോലെ)- 3 ടേബ്ൾ സ്പൂൺ
- ഉപ്പ്- പാകത്തിന്
സോസ് മിക്സിന് ആവശ്യമുള്ളത്:
- ഓയിസ്റ്റർ സോസ്- 2 ടേബ്ൾ സ്പൂൺ
- ലൈറ്റ് സോയ സോസ്- 4 ടേബ്ൾ സ്പൂൺ
- എള്ളെണ്ണ- കാൽ കപ്പ്
- ശർക്കര- ചെറിയ കഷണം
തയാറാക്കേണ്ടവിധം:
കഴുകി വൃത്തിയാക്കിയ മത്സ്യം വരഞ്ഞുവെക്കുക. തലയും വാലും കളയരുത്. വിളമ്പാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽതന്നെയാണ് മത്സ്യം പാകം ചെയ്യുന്നത്. പാത്രത്തിൽ മത്സ്യം വെച്ച് അൽപം ഉപ്പ്, ഒരു ടേബ്ൾ സ്പൂൺ സോയ സോസ്, ഒരു ടേബ്ൾ സ്പൂൺ ഓയിസ്റ്റർ സോസ് എന്നിവ തടവി പിടിപ്പിക്കുക. അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും സ്പ്രിങ് ഒനിയനും മീനിന്റെ അകത്തും പുറത്തും നിരത്തുക. 30 മിനിറ്റ് ഇങ്ങനെ മാരിനേറ്റ് ചെയ്യാൻ വെക്കാം.
30 മിനിറ്റിനു ശേഷം മീൻ ആവി കയറ്റാം. ഒരു സ്റ്റീമർ വെച്ചോ അടി കട്ടിയുള്ള ചെമ്പിൽ വെള്ളം ഒഴിച്ച് ഒരു തട്ടുവെച്ച് അതിനു മുകളിൽ മീൻ വെച്ചോ ആവി കയറ്റാം. 8-10 മിനിറ്റ് മത്സ്യം ആവി കയറ്റുക. വെന്തശേഷം സ്റ്റീമറിൽ നിന്നു മത്സ്യം എടുത്ത് അതിലുള്ള വെള്ളം കളയാം. അധികമുള്ള വെള്ളം മാത്രം കളഞ്ഞാൽ മതിയാകും. ഇഞ്ചി മുതലായവ കളയരുത്. ഒരു ചട്ടിയിൽ മൂന്ന് ടേബ്ൾ സ്പൂൺ എണ്ണ ചൂടാക്കുക.
ഒരു കഷണം ഇഞ്ചി നീളത്തിൽ അരിഞ്ഞതും രണ്ട് തണ്ടു സ്പ്രിങ് ഒനിയൻ നീളത്തിൽ അരിഞ്ഞതും മത്സ്യത്തിന്റെ മീതെ നിരത്തുക. നല്ല ചൂടായ എണ്ണ ഉടനെത്തന്നെ മത്സ്യത്തിന് മുകളിൽ ഒഴിക്കുക. എണ്ണ ചൂടാക്കിയ ചട്ടിയിൽതന്നെ സോസ് മിക്സിന് ആവശ്യമുള്ള ചേരുവകൾ ചൂടാക്കി മത്സ്യത്തിന്റെ മീതെ ഒഴിക്കാം. ചൂടോടെത്തന്നെ വിളമ്പാം. ചൈനീസ് സ്റ്റിക്കീ റൈസിന്റെ കൂടെയാണ് സാധാരണ വിളമ്പുക.
ടിപ്സ്: വിളമ്പുന്നതിന് തൊട്ടു മുമ്പുമാത്രം എണ്ണയും സോസും തയാറാക്കി ഒഴിക്കുക. ഏറ്റവും ഫ്രഷ് മത്സ്യംതന്നെ ഉപയോഗിക്കുക. ലൈവ് ഫിഷ് ആണ് ചൈനക്കാർ ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.