തൊട്ടുകൂട്ടാം... ഡ്രൈഫ്രൂട്ട്സ് അച്ചാർ
text_fieldsഡ്രൈഫ്രൂട്ട്സ് അച്ചാർ
ചേരുവകൾ:
- ഉണക്കമുന്തിരി -1/2 കപ്പ്
- ഈത്തപ്പഴം -1/2 കപ്പ്
- വാളംപുളി പിഴിഞ്ഞത് -ഒരു കപ്പ് (ചെറുനാരങ്ങാ വലുപ്പത്തിൽ പുളി ഒരു കപ്പ് വെള്ളത്തിൽ പിഴിയുക)
- വെളുത്തുള്ളി -രണ്ടു കുടം
- ഇഞ്ചി ചെറുതായി അരിഞ്ഞത് -ഒരു ടേബിൾസ്പൂൺ
- പച്ചമുളക് അരിഞ്ഞത് -നാല്
- കറിവേപ്പില -രണ്ടു തണ്ട്
- മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
- കായപ്പൊടി -അര ടീസ്പൂൺ
- ഉലുവ പൊടിച്ചത് -അര ടീസ്പൂൺ
- ഉപ്പ് -അര ടേബിൾസ്പൂൺ
- നല്ലെണ്ണ -രണ്ടേകാൽ ടേബിൾസ്പൂൺ
- വിനാഗിരി -ഒരു ടേബിൾസ്പൂൺ
തയാറാക്കേണ്ടവിധം:
ആദ്യംതന്നെ ഒരു പാനിൽ ഒരു ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഉണക്കമുന്തിരി ചെറുതീയിൽ ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. അതിനുശേഷം ഇത് പാനിൽനിന്ന് മാറ്റിവെക്കുക. ഈത്തപ്പഴം ചൂടുവെള്ളത്തിൽ കുതിർത്ത് കുരുകളഞ്ഞ് ചെറിയ പീസാക്കിയത് ഇതേ പാനിൽതന്നെ കാൽ സ്പൂൺ നല്ലെണ്ണ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
ഇവയുടെ പച്ചമണം മാറിയാൽ ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും കായം പൊടിയും ഉലുവപ്പൊടിയും ചേർത്ത് കരിയാതെ ഒന്ന് ചൂടാക്കുക. ഇതിലേക്ക് കലക്കിവെച്ചിരിക്കുന്ന പുളിവെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. തിളപ്പിക്കുക.
തിളച്ചാൽ ഇതിലേക്ക് മുന്തിരിയും ഈത്തപ്പഴവും ഒരു ടേബിൾസ്പൂൺ വിനാഗിരിയും നല്ലെണ്ണയും ചേർത്ത് വീണ്ടും തിളപ്പിച്ച് സ്റ്റൗവിൽ നിന്ന് മാറ്റിവെക്കുക. ചൂടാറിയാൽ കുപ്പിയിലടച്ചുവെക്കാം.