മുട്ട ഇഷ്ടമില്ലാത്ത കുട്ടികൾക്ക് എഗ് ഫിംഗർ ഫ്രൈ
text_fieldsഎഗ് ഫിംഗർ ഫ്രൈ
മുട്ടയും ബ്രെഡും വീടുകളിൽ എല്ലായ്പോഴും കാണുന്ന രണ്ടു സാധനങ്ങൾ. ഇവ രണ്ടും പക്ഷേ, നിസ്സാരക്കാരല്ല. ഇവ രണ്ടും സമാസമം ചേർന്നാൽ ഉണ്ടാക്കാവുന്ന വിഭവങ്ങൾക്ക് കൈയും കണക്കുമില്ല. മുട്ടയും ബ്രെഡും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വ്യത്യസ്ത പലഹാരമാണ് എഗ് ഫിംഗർ ഫ്രൈ.
അധികം സാധനങ്ങൾ ആവശ്യമില്ല എന്നതാണ് ഇതിന്റെ വലിയ ഗുണം. ഞൊടിയിട വേഗത്തിൽ തയാറാക്കാം എന്നത് മറ്റൊരു മെച്ചം. ചില കുട്ടികൾക്ക് മുട്ട പുഴുങ്ങിയതോ പൊരിച്ചതോ ഇഷ്ടപ്പെട്ടില്ല എന്നു വരാം.
എന്നാൽ, മുട്ട വ്യത്യസ്തമായ രീതിയിൽ അവർക്ക് നൽകിയാൽ ഇഷ്ടപ്പെടും, തീർച്ച. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും വൈകുന്നേരം ചായക്കോ മറ്റോ നൽകാവുന്ന അടിപൊളി വിഭവമാണിത്.
എഗ് ഫിംഗർ ഫ്രൈ
ചേരുവകൾ:
- മുട്ട -അഞ്ചെണ്ണം
- ഉപ്പ് -ആവശ്യത്തിന്
- കുരുമുളകുപൊടി -ആവശ്യത്തിന്
- ബ്രെഡ് ക്രംബ്സ് -ആവശ്യത്തിന്
തയാറാക്കുന്നവിധം:
മുട്ട (മുട്ട രണ്ടോ മൂന്നോ ആയാലും മതി) ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക (എരിവ് കൂടുതൽ വേണ്ടവർ മുട്ടക്കൂട്ടിലേക്ക് മറ്റു മസാലകൾ ചേർക്കാവുന്നതാണ്).
ശേഷം നമ്മൾ മിക്സ് ചെയ്തുവെച്ച മുട്ടക്കൂട്ട്, പരന്നതോ അല്ലെങ്കിൽ നീണ്ടതോ ആയ (ഗ്ലാസ്) പാത്രത്തിൽ അൽപം നെയ്യ് തടവി ഒഴിക്കുക. എന്നിട്ട് അത് ആവിയിൽ വേവിച്ചെടുക്കുക (20, 25 മിനിറ്റ്). ചൂടാറിയതിനുശേഷം പാത്രത്തിൽ നിന്നും മാറ്റുക. ശേഷം അത് നീളത്തിൽ മുറിച്ചെടുക്കാം. കൂടുതൽ നീളം ഉണ്ടെങ്കിൽ നടുവിൽ മുറിക്കാവുന്നതുമാണ്.
എന്നിട്ട് ഓരോ പീസ് എടുത്ത് മുട്ടയിൽ മുക്കി, ബ്രെഡ് ക്രംബ്സിലും മുക്കി ഫ്രൈ ചെയ്തെടുക്കുക. ഈൗസിയായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു സ്നാക്സ് ആണിത്.