കുട്ടികൾക്ക് ഇഷ്ടപ്പെട്ട എഗ് പോട്ട്
text_fieldsഎഗ് പോട്ട്
വീടുകളിൽ എല്ലായ്പോഴും കാണുന്ന രണ്ടു സാധനങ്ങൾ. ഇവ രണ്ടും പക്ഷേ, നിസ്സാരക്കാരല്ല. ഇവ രണ്ടും സമാസമം ചേർന്നാൽ ഉണ്ടാക്കാവുന്ന വിഭവങ്ങൾക്ക് കൈയും കണക്കുമില്ല. മുട്ടയും ബ്രെഡും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന എഗ് പോട്ട് പരിചയപ്പെടാം.
അധികം സാധനങ്ങൾ ആവശ്യമില്ല എന്നതാണ് ഇതിന്റെ വലിയ ഗുണം. ഞൊടിയിട വേഗത്തിൽ തയാറാക്കാം എന്നത് മറ്റൊരു മെച്ചം. ചില കുട്ടികൾക്ക് മുട്ട പുഴുങ്ങിയതോ പൊരിച്ചതോ ഇഷ്ടപ്പെട്ടില്ല എന്നു വരാം.
എന്നാൽ, മുട്ട വ്യത്യസ്തമായ രീതിയിൽ അവർക്ക് നൽകിയാൽ ഇഷ്ടപ്പെടും, തീർച്ച. കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും വൈകുന്നേരം ചായക്കോ മറ്റോ നൽകാവുന്ന അടിപൊളി വിഭവമാണിത്...
ചേരുവകൾ:
- മുട്ട -മൂന്നോ നാലോ എണ്ണം
- ബ്രെഡ് ക്രംബ്സ് -ആവശ്യത്തിന്
- ഉപ്പ് -ഒരു നുള്ള്
തയാറാക്കേണ്ടവിധം:
എടുത്തുവെച്ച കോഴിമുട്ട ഒരു പാത്രത്തിൽ ഇട്ട് പുഴുങ്ങിയെടുക്കുക. കഴിക്കുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് മുട്ടയുടെ എണ്ണം കൂട്ടുകയും കുറക്കുകയും ചെയ്യാം. ഒരു പാത്രത്തിൽ ഒരു മുട്ട നുള്ള് ഉപ്പ് ചേർത്ത് അടിച്ചുവെക്കുക. മറ്റൊരു പാത്രത്തിൽ ബ്രെഡ് ക്രംബ്സ് തയാറാക്കിവെക്കുക.
ശേഷം പുഴുങ്ങിവെച്ച മുട്ടയിൽനിന്ന് ഓരോന്ന് എടുത്ത് നടുവിൽ മുറിച്ച് രണ്ടു കഷണങ്ങളാക്കിവെക്കുക. ശേഷം അതിന്റെ മഞ്ഞക്കുരു എടുത്ത് മാറ്റിവെക്കുക. ശേഷം മുട്ടയുടെ വെള്ള കഴിച്ചുള്ള ഭാഗം എടുത്ത് മുട്ടമിക്സിൽ മുക്കി, ബ്രെഡ് ക്രംബ്സിലും മുക്കി എണ്ണയിലിട്ട് വറുത്ത് ബ്രൗൺ കളറാകുമ്പോൾ എടുക്കുക.
ശേഷം മുട്ടയുടെ മഞ്ഞ ഒരു സ്പൂൺ ഉപയോഗിച്ച് പൊടിക്കുക. എന്നിട്ട് വറുത്തുവെച്ച മുട്ടയുടെ വെള്ളയുടെ കുഴിയുള്ള ഭാഗത്ത് ഈ മഞ്ഞ ഒന്നോ രണ്ടോ സ്പൂൺ ഇട്ട് നിറക്കുക, സിംപ്ൾ എഗ് പോട്ട് റെഡി (മസാല കൂടുതൽ ആവശ്യമുള്ളവർക്ക് ഈ മഞ്ഞക്കുരുവിൽ സമൂസയുടെ മിക്സും കൂട്ടി ചെയ്യാവുന്നതാണ്).


