ഓവനില്ലാതെ എളുപ്പത്തിൽ ഇറച്ചി കേക്ക് തയാറാക്കാം
text_fieldsമസാലക്ക് ആവശ്യമായ ചേരുവകൾ
- കോഴി ഇറച്ചി - 250 ഗ്രാം
- സവാള - 4 ഇടത്തരം വലുപ്പമുള്ളത്
- പച്ചമുളക് - 3 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 3 ടേബിൾ സ്പൂൺ
- കുരുമുളക് - 2 ടീസ്പൂൺ
- ഗരം മസാല - 1ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - 2 തണ്ട് ചെറുതായി അരിഞ്ഞത്
- മല്ലിയില - 1/2 കപ്പ് ചെറുതായി അരിഞ്ഞത്
- പുതീനയില - 2 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
കേക്കിനാവശ്യമായ ചേരുവകൾ
- മൈദ - 1 കപ്പ്
- പാൽ - 1 കപ്പ്
- ഓയിൽ - 1/2 കപ്പ്
- കോഴി മുട്ട - 8 എണ്ണം
- ഉപ്പ് - 1/2 ടീസ്പൂൺ
- പഞ്ചസാര - 1/2 ടീസ്പൂൺ
തയാറാക്കുന്നവിധം
ചിക്കൻ അല്ലെങ്കിൽ ഇറച്ചി ഉപ്പും 11/2 ടീസ്പൂൺ കുരുമുളകും ചേർത്ത് കുക്കറിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കുക. വെന്ത കഷ്ണങ്ങൾ കൈ കൊണ്ട് ചിക്കിയെടുക്കുക. ശേഷം ഒരു പാനെടുത്ത് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് അരിഞ്ഞുവെച്ച സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക. ഇവ നന്നായി വഴന്നു വരുമ്പോൾ പൊടികൾ ചേർക്കുക. പൊടികളുടെ പച്ചമണം മാറുമ്പോൾ വേവിച്ചുവെച്ച ഇറച്ചി ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം കറിവേപ്പില, മല്ലിയില, പുതിനയില എന്നിവ ചേർത്ത് ഇറക്കിവെക്കുക.
ഇനി കേക്ക് ഉണ്ടാക്കുന്നതിനായി മിക്സി ജാറിലേക്ക് മുകളിൽ പറഞ്ഞ ചേരുവളെല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കുക. അടി കട്ടിയുള്ള വട്ടമുള്ള പാത്രത്തിൽ അടിച്ചുവെച്ച കേക്കിന്റെ മിശ്രിതം പകുതി ഒഴിക്കുക. ശേഷം തയാറാക്കിവെച്ച മസാലക്കൂട്ട് ചേർക്കുക. മുകളിൽ ബാക്കിയുള്ള മിശ്രിതം കൂടി ഒഴിച്ച് ആവി പുറത്തുപോകാത്ത വിധത്തിൽ അലൂമിനിയം ഫോയിൽ ഉപയോഗിച്ച് നല്ലതുപോലെ അടക്കുക. ശേഷം അടപ്പുവെച്ച് ചെറുതീയിൽ അര മണിക്കൂർ വേവിക്കുക.
ഇറക്കുന്നതിന് മുന്നേ വെന്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഒരു ഈർക്കിൾവെച്ച് കുത്തി നോക്കുക. ഈർക്കിലിൽ ഒന്നും പറ്റിപിടിക്കുന്നില്ലെങ്കിൽ ഇറക്കിവെക്കാം. ചൂട് നന്നായി പോയ ശേഷം പാത്രത്തിൽ നിന്നും പുറത്തെടുത്ത് കഴിക്കാം.


