സദ്യയിൽ കേമനീ നെയ്യൂറും കൂട്ടുകറി
text_fieldsകൂട്ടുകറി
സദ്യയിലെ പ്രധാന വിഭവങ്ങളിൽ കേമനാണ് കൂട്ടുകറി. രുചിയുടെ കാര്യത്തിൽ പലരുടെയും ഇഷ്ട വിഭവമാണിത്. പരമ്പരാഗത രീതിയിൽ നമുക്ക് ഇഷ്ട വിഭവം തയാറാക്കിയാലോ...
ചേരുവകൾ
- കടല പരിപ്പ് - 100 ഗ്രാം
- ചേന - 300 ഗ്രാം
- വാഴക്ക - 250 ഗ്രാം
- കാരറ്റ് - 100 ഗ്രാം
- തേങ്ങ - 1
- ഉണക്കമുളക് - 10 ഗ്രാം
- ജീരകം - 10 ഗ്രാം
- കുരുമുളക് - 10 ഗ്രാം
- ശർക്കര - 250 ഗ്രാം
- വെളിച്ചെണ്ണ - ആവശ്യത്തിന്
- നെയ്യ് - 2 ടേബിൾ സ്പൂൺ
- എള്ള് - അൽപം
- മഞ്ഞപൊടി - ആവശ്യത്തിന്
- മുളക് പൊടി - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്നവിധം:
ഉണക്കമുളക്, ജീരകം, കുരുമുളക് എന്നിവ നെയ്യിൽ മൂപ്പിച്ച ശേഷം അരച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ തേങ്ങ, എള്ള്, ജീരകം, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ വറുത്ത് മാറ്റിവെക്കുക. ശേഷം കടലപരിപ്പും ചെറുതായി അരിഞ്ഞ ചേനയും ചേർത്ത് വേവിക്കുക.
പകുതി വേവാകുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞ കാരറ്റും വാഴക്കയും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കുക. തിളച്ച് കഴിഞ്ഞാൽ പറഞ്ഞ അളവിൽ (250 ഗ്രാം) ശർക്കര ചേർത്ത് വേവിക്കുക. ശർക്കര ഉരുകി പാകമായ ശേഷം നേരത്തെ തയാറാക്കിവച്ച അരപ്പ് കൂടി ചേർക്കുക.
ശേഷം, കറിവേപ്പില ചേർത്ത് കുറുകി വരുമ്പോൾ, വറത്തുവച്ച തേങ്ങ ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഇളക്കി യോജിപ്പിച്ച് കുറുക്കിവച്ച ശേഷം അടുപ്പിൽ നിന്ന് ഇറക്കി മാറ്റിവെക്കുക. രുചിയൂറും കൂട്ടുകറി തയാർ.