പാൻ സീഡ് സാൽമൺ കഴിക്കൂ... സൗന്ദര്യം സംരക്ഷിക്കൂ...!
text_fieldsപാൻ സീഡ് സാൽമൺ
പോഷക ഗുണങ്ങൾ ധാരാളമുള്ള ലോകത്തിലെ രുചികരമായ മത്സ്യമാണ് സാൽമൺ. ഒമേഗ-3 ഫാറ്റി ആസിഡുകൾ ഏറെയുള്ളതിനാൽ, ഹൃദയത്തിനും ചർമത്തിനും അടക്കം ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. എല്ലുകളുടെ ബലം നിലനിർത്താനുള്ള വൈറ്റമിൽ ഡിയും ഇതിലുണ്ട്.
സാൽമണിന്റെ മാംസത്തിന് ഓറഞ്ച് കലർന്ന ചുവപ്പ് നിറമാണ്. ഗ്രിൽ ചെയ്ത് കഴിക്കുന്നതാണ് ഏറ്റവും രുചികരം. എന്നാൽ, മലയാളികൾ നാടൻ രീതിയിൽ ഇവ കുടംപുളിയിട്ട് സാൽമൺ കറി വെക്കാറുണ്ട്.
ചേരുവകൾ:
- സാൽമൺ ഫില്ലറ്റുകൾ- 150 ഗ്രാം വീതം
- ഒലിവ് ഓയിൽ അല്ലെങ്കിൽ വെണ്ണ- 1-2 ടീസ്പൂൺ
- ചെറുനാരങ്ങ- 1 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളക് - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
ഫിഷ് ഫില്ലറ്റ് വൃത്തിയാക്കിയ ശേഷം അതിലെ വെള്ളം തുണിയോ മറ്റോ ഉപയോഗിച്ച് തുടച്ചുകളയുക. ഇടത്തരം തീയിൽ ഒരു വലിയ പാൻ ചൂടാക്കാം.
പാൻ ചൂടായി വരുമ്പോൾ, വെണ്ണ/എണ്ണ ചേർത്ത് പാൻ മൂടുകയോ വെണ്ണ ഉരുക്കുകയോ ചെയ്യുക. ശേഷം അതിലേക്ക് സാൽമൺ ഫില്ലറ്റുകൾ ചേർക്കാം. സാൽമൺ ഫില്ലറ്റിന്‍റെ ഓരോ വശവും നന്നായി ഫ്രൈ ചെയ്യണം. മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ഫ്രൈ ചെയ്യാം.
അതിന്‍റെ തൊലി നന്നായി ക്രിസ്പി ആവാൻ ചട്ടുകം ഉപയോഗിച്ച് അമർത്താം. പാനിൽനിന്ന് ചട്ടിയിലേക്ക് മാറ്റിയിട്ട് രണ്ടോ മൂന്നോ മിനിറ്റ് മാറ്റിവെക്കാം.
അതിലേക്ക് അൽപം ഉപ്പും കുരുമുളകും വിതറാം. അലങ്കാരത്തിന് ചെറുനാരങ്ങ കഷണമാക്കി പാത്രത്തിന്‍റെ വശത്ത് വെക്കാം.


