ഓട്സ് കൊണ്ട് ഓംലെറ്റ് ഉണ്ടാക്കിയാലോ...
text_fieldsചേരുവകൾ:
- ഓട്സ്- 1/2 കപ്പ്
- പാല്‍- 1 കപ്പ്
- വെള്ളം- 1/4 കപ്പ്
- മുട്ട- 3 എണ്ണം
- കാരറ്റ്- 2 എണ്ണം (ചെറുത്)
- കാപ്സികം- 1 എണ്ണം
- സവാള- 1 എണ്ണം
- ഉപ്പ്- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
- കുരുമുളകുപൊടി- 1/4 ടീസ്പൂണ്‍
- പച്ചമുളക്- 2 എണ്ണം
തയാറാക്കേണ്ടവിധം:
അര കപ്പ് ഓട്സ് മിക്സിയില്‍ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഒരു ചെറിയ ബൗളില്‍ ഒരു കപ്പ് പാല്‍ ഒഴിച്ച് പൊടിച്ച ഓട്സ് നന്നായി ചേര്‍ക്കുക. 1/4 കപ്പ് വെള്ളംകൂടി ചേര്‍ത്തതിനു ശേഷം നന്നായി ഇളക്കി പത്ത് മിനിറ്റ് പുറത്ത് വെക്കുക.
മറ്റൊരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ച് ഒഴിക്കുക. നന്നായി ഇളക്കിയതിനുശേഷം ആവശ്യത്തിന് ഉപ്പും 1/4 ടീസ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ക്കുക. കാരറ്റും കാപ്സികവും സവാളയും പച്ചമുളകും ചെറിയ രീതിയില്‍ അരിഞ്ഞുവെക്കുക.
അതിനുശേഷം അരിഞ്ഞുവെച്ച കാരറ്റ്, കാപ്സികം, സവാള, പച്ചമുളക് എന്നിവ നേരത്തേ തയാറാക്കിവെച്ച ഓട്സ് മാവില്‍ ഇട്ടുകൊടുത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് തയാറാക്കിവെച്ച മുട്ട മാവിലേക്ക് ഒഴിച്ചുകൊടുക്കുക. രണ്ടും നന്നായി മിക്സ് ചെയ്യുക.
പാനിൽ രണ്ടു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചൂടാക്കി അതിലേക്ക് ഒഴിച്ചുകൊടുക്കുക. മൂന്ന് മിനിറ്റ് കാത്തിരുന്ന ശേഷം ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ച് മുറിച്ചുവെച്ച മല്ലിയില മുകളില്‍ ഇട്ടുകൊടുക്കുക. രണ്ടു മിനിറ്റ് കഴിഞ്ഞശേഷം തീ അണക്കുക. നമ്മുടെ ഓട്സ് ഓംലെറ്റ് സെര്‍വ് ചെയ്യുന്ന പാത്രത്തിലേക്കു മാറ്റാം.