വീട്ടിൽ ഉണ്ടാക്കാം ടേസ്റ്റി മാംഗോ ഫലൂദ
text_fieldsആവശ്യമുള്ള സാധനങ്ങൾ
- മിൽക്ക് - 1 ലിറ്റർ
- കണ്ടെൻസ്ഡ് മിൽക്ക് - മുക്കാൽ ടിൻ
- കോൺഫ്ലവർ - 1 ടീസ്പൂൺ
- പഞ്ചസാര - ആവശ്യത്തിന്
- മധുരം ബാലൻസ് ചെയ്യാൻ - ഒരു നുള്ള് ഉപ്പ്
- വാനില എസ്സൻസ് - 2 ടീസ്പൂൺ
- റോസ് എസ്സെൻസ് - 1 ടീസ്പൂൺ
- മാങ്ങ നാല് ടീസ്പൂൺ പഞ്ചസാര ചേർത്ത കാൽ കപ്പ് വെള്ളത്തിൽ വേവിച്ചത് -2 കപ്പ്
- സാബൂനരി (സാഗോ) വേവിച്ചത് - 1 കപ്പ്
- സേമിയ വേവിച്ചത് - 1 കപ്പ്
- ആപ്പിൾ തൊലികളഞ്ഞ് മുറിച്ചത് - ഒന്നര കപ്പ്
- കിസ്മിസ് - അര കപ്പ്
- വേണമെങ്കിൽ ബദാം, പിസ്ത, കാഷ്യു എല്ലാംകൂടി ചെറുതായി അരിഞ്ഞത് -അരക്കപ്പ്
- ബേസിൽ സീഡ്സ് അല്ലെങ്കിൽ ചിയ സീഡ്സ് കുതിർത്തത് -അരക്കപ്പ്
തയ്യാറാക്കുന്ന വിധം
പാൽ തിളച്ചുവരുമ്പോൾ അതിലേക്ക് കണ്ടെൻസ്ഡ് മിൽക് ചേർത്ത് കുറഞ്ഞ തീയിൽ കുറച്ചുസമയം കാച്ചിയെടുക്കണം. അടിയിൽ പിടിക്കാതെ ഇരിക്കാൻ ഈ സമയമെല്ലാം ഇളക്കികൊണ്ടിരിക്കണം.
അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ കാൽകപ്പ് പാലിൽ ചേർത്തൊഴിച്ച് നന്നായി തിളപ്പിക്കണം. അപ്പോഴും നന്നായി ഇളക്കി കൊണ്ടിരിക്കാൻ മറക്കരുത്. ഈ കൂട്ടിലേക്ക് വാനില എസ്സെൻസ് ഒഴിക്കുക, ഈ കൂട്ട് കുറച്ചു കുറുകിവരുമ്പോൾ ഒരുനുള്ള് ഉപ്പ് ചേർത്ത് ഇറക്കിവെക്കുക.
കുറച്ച് ചൂടാറിയശേഷം വേവിച്ച മാങ്ങയും എല്ലാ കൂട്ടുകളും കുറേശ്ശ ആയി ചേർത്ത് മിക്സ്ചെയ്തു കഴിയുമ്പോൾ റോസ് എസ്സെൻസ് ചേർക്കുക. നന്നായി തണുപ്പിച്ചശേഷം ഗ്ലാസ്സുകളിലേക്ക് പകർന്ന് വേണമെങ്കിൽ മുകളിൽ കുറച്ച് ഐസ് ക്രീമും ചെറുതായി അരിഞ്ഞ പിസ്ത നട്ട്സും ചെറിയും മുകളിൽ വിതറി സെർവ് ചെയ്യാം.


