ഐസ്ക്രീം വീട്ടിലുണ്ടാക്കാം
text_fieldsചേരുവകൾ
- പഞ്ചസാര - ഒരു കപ്പ്
- ഹെവി ക്രീം - ഒന്നേകാൽ കപ്പ്
- ഉപ്പ് - അര ടീ സ്പൂൺ, വനില എക്സ്ട്രാക്ട് - അര ടീ സ്പൂൺ
- പാൽ - ഒരു കപ്പ്, ഹെവി ക്രീം - ഒരു കപ്പ്, പഞ്ചസാര - കാൽ കപ്പ്
- മുട്ട - മൂന്നു വലുത്
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാൻ ഇടത്തരം ചൂടിൽ വച്ച് ഒരു കപ്പ് പഞ്ചസാര ചേർത്തു തുടരെ ഇളക്കുക. ഉരുകിത്തുടങ്ങുമ്പോൾ ഇളക്കുന്നതു നിറുത്തി, ഇടയ്ക്ക് സ്പൂൺ കൊണ്ട് ഒന്ന് ചുറ്റിച്ചു കൊടുക്കുക. ഗോൾഡൻ ബ്രൗൾ നിറമാകുമ്പോൾ ഇതിലേക്കു കാൽ കപ്പ് ക്രീം ചേർത്തു തുടരെ നന്നായി ഇളക്കുക. മുഴുവൻ കാരമലും ക്രീമിൽ അലിഞ്ഞു ചേരണം.
ഇത് ഒരു ബൗളിലേക്കു മാറ്റി ഉപ്പും വാനിലയും ചേർത്തിളക്കി ചൂടാറാൻ വയ്ക്കുക. ഒരു ചെറിയ സോസ്പാനിൽ നാലാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു തുടരെയിളക്കി തിളപ്പിക്കുക. തിളച്ചയുടൻ തന്നെ തീ കുറയ്ക്കണം. മറ്റൊരു ബൗളിൽ മുട്ട നന്നായി അടിച്ച് അതിൽ പാൽ മിശ്രിതത്തിന്റെ പകുതി അൽപാൽപമായി നൂലുപോലെ തുടരെ അടിച്ചു കൊണ്ട് ഒഴിക്കുക.
ഈ മുട്ട മിശ്രിതം തിരികെ, സോസ്പാനിലിരിക്കുന്ന ബാക്കി പാലിൽ ഒഴിച്ചു ഒരു തടി സ്പൂൺ കൊണ്ട് അടിച്ച് ഇടത്തരം തീയിൽ വയ്ക്കുക. മിശ്രിതം തിളയ്ക്കാൻ അനുവദിക്കരുത്. മിശ്രിതം കുറുകി സ്പൂണിനു പുറകിൽ പറ്റിപ്പിടിക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ഇഴയടുപ്പമുള്ള അരിപ്പയിലൂടെ അരിച്ച ശേഷം അതിലേക്കു തയാറാക്കി വച്ചിരിക്കുന്ന കാരമൽ ചേർത്തിളക്കുക.
ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു മൂന്നു മുതൽ ആറു മണിക്കൂർ വരെ തണുപ്പിക്കുക. തണുത്ത ബൗൾ ഫ്രീസറിലേക്കു മാറ്റി അര മണിക്കൂറിനു ശേഷം പുറത്തെടുത്തു നന്നായി അടിക്കുക. വീണ്ടും ഫ്രീസറിൽ വയ്ക്കുക. അര മണിക്കൂർ കൂടുമ്പോൾ ഇങ്ങനെ ചെയ്യണം. മൂന്നാലു പ്രാവശ്യം ചെയ്ത ശേഷം സെറ്റ് ചെയ്യാൻ വയ്ക്കുക.സ്വാദിഷ്ടമായ ഐസ് ക്രീം റെഡി.