വെറൈറ്റിയായി ഉണ്ടാക്കിയെടുക്കാം, പാണ്ടൻ ചിക്കൻ
text_fieldsശ്രീലങ്കയിലും തായ്‌ലന്റിലും ഉത്തരേന്ത്യൻ പ്രദേശങ്ങളിലും ഒട്ടുമിക്ക വിഭവങ്ങളിലും ഉപയോഗിക്കുന്ന ഇല ആണ് പാണ്ടൻ ഇല. നമ്മൾ മലയാളികൾ ഇതിനെ രംഭ ഇല, അന്നപൂർണ്ണ ഇല എന്നും ഇംഗ്ലീഷുകാർ ഇതിനെ സ്ക്രൂ പൈൻ എന്നും വിളിക്കാറുണ്ട്. പല സ്ഥലങ്ങളിലും പല പേരുകളായി അറിയപ്പെടുന്ന ഇലയാണിത്.
ബിരിയാണിക്ക് നല്ല മണം കിട്ടാനും ഇത് ഉപയോഗിക്കാറുണ്ട്. വാഴയിലയിൽ മീൻ പൊള്ളിച്ചെടുക്കുന്ന പോലെ പാണ്ടൻ ഇലയിൽ ചിക്കൻ പൊരിച്ചും പൊള്ളിച്ചുമെല്ലാം എടുക്കാറുണ്ട്. പാണ്ടൻ ഇലയിൽ ചിക്കൻ ഇതുപോലെ പൊരിച്ചെടുത്താൽ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടും.
ചേരുവകൾ:
- ചിക്കൻ -എല്ലില്ലാത്തത് (500 ഗ്രാം )
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
- ചെറിയ ഉള്ളി -3,4 എണ്ണം
- സോയ സോസ് -1 ടീസ്പൂൺ
- ഓയെസ്റ്റർ സോസ് -1 ടീസ്പൂൺ
- കുരുമുളക് പൊടി -1 ടീസ്പൂൺ
- കശ്മീരി ചില്ലി പൌഡർ -1 ടീസ്പൂൺ
- നാരങ്ങാ നീര് - ഒരു നാരങ്ങയുടെ
- ഉപ്പ് - ആവശ്യത്തിന്, വറ്റൽ മുളക് -2,3 എണ്ണം
ഉണ്ടാക്കുന്ന വിധം:
ഒരു മിക്സിയുടെ ജാറിലേക്ക് ചിക്കൻ ഒഴികെയുള്ള എല്ലാ ചേരുവകളും ഇട്ടു കൊടുത്തു നന്നായി അരച്ചെടുക്കുക. ചെറുതായി അരിഞ്ഞ ചിക്കനിലേക്ക് ഈ മസാല നന്നായി തേച്ചു പിടിപ്പിച്ച ശേഷം പാണ്ടൻ ഇലയിൽ പൊതിഞ്ഞെടുക്കുക (സമൂസ ഷീറ്റിൽ നിറക്കുന്ന പോലെ). ശേഷം ചൂടായ എണ്ണയിൽ പൊരിച്ചു കോരുക. പാണ്ടൻ ചിക്കൻ റെഡി.
BEEGUM SHAHINA, Celebrity Chef
Youtube: serve it like shani
FB: serveitlikeshani