മധുരമൂറും മാമ്പഴ കേക്ക്
text_fieldsകൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. വീട്ടിലുള്ള ചേരുവകൾ ചേർത്തി കൊണ്ടു തന്നെ മാമ്പഴ കേക്ക് തയ്യാറാക്കിയാലോ
ചേരുവകൾ
- മാമ്പഴം - 1 എണ്ണം
- പഞ്ചസാര - അര കപ്പ്
- മുട്ട - 2
- വെണ്ണ ഉരുക്കിയത് - 1/4 കപ്പ്
- ഗോതമ്പു പൊടി - ഒന്നേകാൽ കപ്പ്
- പാൽപ്പൊടി - 4 ടേബിൾസ്പൂൺ
- ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
- ബേക്കിങ് സോഡാ - 1/4 ടീസ്പൂൺ
- പൊടിച്ച പഞ്ചസാര - 1 ടേബിൾസ്പൂൺ
- വാനില എസൻസ് - 5-6 തുള്ളി
മാംഗോ ഗ്ലേസിനു വേണ്ട ചേരുവകൾ
- മാങ്ങാ - 1 എണ്ണം (മിക്സിയിൽ അരച്ചത്)
- പഞ്ചസാര - 1/4 കപ്പ്
- അലങ്കരിക്കാൻ ചോക്ലേറ്റ് ഉരുക്കിയത്
തയാറാക്കുന്ന വിധം
ആദ്യം മാംഗോ ഗ്ലേസിനു വേണ്ട മാമ്പഴം അരച്ചതും പഞ്ചസാരയും ചെറിയ തീയിൽ കുറച്ചു നേരം കൈ വിടാതെ ഇളക്കി തീ ഓഫ് ആക്കുക. കേക്കിനു വേണ്ട പൊടികൾ എല്ലാം കൂടി ഒന്നിച്ചു അരിച്ചെടുക്കുക.
മുട്ടയുടെ വെള്ള പൊടിച്ച പഞ്ചസാരയും വാനില എസൻസും ചേർത്ത് നന്നായി അടിച്ചെടുക്കുക. കേക്ക് ഉണ്ടാക്കാനായി മാങ്ങയും പഞ്ചസാരയും മുട്ടയുടെ ഉണ്ണിയും കൂടി നന്നായി അരച്ചെടുക്കുക.
ഇതിലേക്ക് ഉരുക്കിയ വെണ്ണ ചേർത്ത് ഒന്ന് കൂടെ അടിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത പൊടി കുറേശ്ശേ ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം മുട്ടയുടെ വെള്ള അടിച്ചതും കൂടി ചേർത്തു സാവധാനം യോജിപ്പിക്കുക.
ഇത് അടുപ്പത്ത് അല്ലെങ്കിൽ അവ്നിൽ (180 ഡിഗ്രിയിൽ ) വേവിച്ചെടുക്കാം. തണുക്കുമ്പോൾ നേരത്തെ തയാറാക്കി വച്ച മാംഗോ ഗ്ലേസും ഉരുക്കിയ ചോക്ലേറ്റും ചേർത്ത് കേക്ക് അലങ്കരിക്കാം.