ക്രിസ്മസെത്തി കേക്കും
text_fieldsചെറുതോണി: ക്രിസ്മസിനെ വരവേൽക്കാൻ ഇത്തവണ കേക്ക് വിപണി നേരത്തെ ഉണർന്നു. ക്രിസ്മസ് വ്യഴാഴ്ചയായതിനാൽ അവസാനത്തെ ഞായർ മുതൽ ബുധനാഴ്ച വരെ നല്ല വിൽപന ഉണ്ടാകുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.
ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്തമായി ടിന്നിൽ വരുന്ന കേക്കുകൾക്കും പ്രിയം വർധിച്ചിട്ടുണ്ട്. ചോക്കലേറ്റ്, സ്ട്രോബറി, പ്ലം, വാനില, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ പതിവിനങ്ങളും സജീവമാണ്. മുട്ടയും മൃഗക്കൊഴുപ്പുമൊന്നും ചേർക്കാത്ത പൂർണമായും വെജിറ്റബിളായ കേക്കുമുണ്ട്.
ബട്ടർ കേക്ക്, മിക്സഡ് ഫ്രൂട്ട് കേക്ക്, ബദാം കേക്ക് തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളും വിപണിയിലെത്തിയിട്ടുണ്ട്. സാന്താക്ലോസിന്റെയും ക്രിസ്മസ് ട്രീയുടെയും രൂപത്തിലുള്ള കേക്കുകളും വിപണിയിലെത്തിയിട്ടുണ്ട്. എന്തൊക്കെ വ്യത്യസ്ത ഇനമുണ്ടെങ്കിലും പ്ലം കേക്കുകളാണ് ക്രിസ്മസ് വിപണിയിൽ കൂടുതൽ വിൽക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കൂടുതൽ ദിവസം കേടാകാതെ ഇരിക്കുന്ന ഇനങ്ങളുമുണ്ട്. 10 മുതൽ 1000 രൂപ വരെ വിലയുള്ള കേക്കുകൾ വിപണിയിലുണ്ട്. ഇത്തവണ മുൻ വർഷങ്ങളെ അപേക്ഷിച്ച് കേക്കുകൾക്ക് വിലക്കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ജി.എസ്.ടി 18 ശതമാനം എന്നത് അഞ്ച് ശതമാനമായി കുറഞ്ഞതാണ് കാരണം. കിലോക്ക് 300 രൂപ വിലയുണ്ടായിരുന്ന ഐസിങ് കേക്കുകൾക്ക് വില കുറഞ്ഞതോടെ നല്ല വിൽപന പ്രതീക്ഷിക്കുന്നതായി വ്യാപാരികൾ വ്യക്തമാക്കി.


