പൊറോട്ടയുടെ കൂടെ കഴിക്കാം അറേബ്യൻ ഫിഷ് ഗ്രിൽ, ഇതുപോലെ ട്രൈ ചെയ്യൂ...
text_fieldsആവോലി, അയക്കൂറ, ചെമ്പല്ലി, ഹമൂർ, ഷേരി തുടങ്ങിയ മീനുകളോ ചെമ്മീനോ കൊഞ്ചോ ഉപയോഗിക്കാം. മീൻ നെടുകെ പിളർന്ന് മസാല തേച്ചുപിടിപ്പിക്കുകയാണെങ്കിൽ അത്ത്യുത്തമം.
മസാലയുണ്ടാക്കാൻ
(ഒരു കിലോയോളം തൂക്കമുള്ള മീനിനുള്ള മസാലയുടെ ചേരുവകൾ)
- ജീരകപ്പൊടി- 2 ടീസ്പൂൺ
- ലെമൺ സാൾട്ട്- 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- ഉണങ്ങിയ ചെറുനാരങ്ങ പൊടിച്ചത്- 1/2 ടീ സ്പൂൺ
- പാപ്രിക്ക പൊടി അല്ലെങ്കിൽ കശ്മീരി
- മുളകുപൊടി- 2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
മസാല ഉണ്ടാക്കുന്ന വിധം
ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, ഒരു ടീസ്പൂൺ വിനാഗിരി എന്നിവയിൽ മുകളിൽ പറഞ്ഞവ ചാലിച്ചെടുക്കുക. ഗ്രിൽ ചെയ്യുമ്പോൾ ബ്രഷ് ചെയ്യാൻ ആറ് അല്ലി വെളുത്തുള്ളി ചെറുതായരിഞ്ഞതിൽ മൂന്നു ടീസ്പൂൺ ഒലിവ് ഓയിൽ, ഒരു ചെറുനാരങ്ങയുടെ നീര് എന്നിവ ചേർത്ത് ചാലിച്ചെടുക്കുക.
മീൻ മസാല നന്നായി തേച്ചുപിടിപ്പിച്ച് 20 മിനിറ്റോളം വെക്കുക. ഇത് ചാർക്കോൾ അല്ലെങ്കിൽ ഗ്യാസ് ഗ്രില്ലിലോ അല്ലെങ്കിൽ അടുപ്പിൽ ഒരു പാൻ വെച്ച് അതിലോ തയാറാക്കാം. ചൂടുള്ള ഗ്രില്ലിൽ അല്ലെങ്കിൽ പാനിൽ മീൻ വെക്കുക. ഗ്രില്ലിലാണെങ്കിൽ തീ നേരിട്ട് മീനിൽ പതിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
പാനാണെങ്കിൽ തീ കൂടുതലാവരുത്. ഒരു ബെയ്സ്റ്റിങ് ബ്രഷ് കൊണ്ട് തയാറാക്കിവെച്ച ചേരുവ ഇടക്ക് മീനിൽ തേച്ചു പിടിപ്പിക്കുക. ബ്രഷ് ഇല്ലെങ്കിൽ ഒരു സ്പൂണിലെടുത്ത് തൂവിയാലും മതി. ചെറിയ അളവിൽ പല തവണയായി വേണം ഇത് ചെയ്യാൻ. ഒരു വശം പാകമായതിനുശേഷം മറിച്ചിടുക.
മറുവശത്ത് ഈ രീതി ആവർത്തിക്കുക. അറേബ്യൻ രീതിയിൽ ഇത് സാലഡിന്റെ കൂടെയാണ് വിളമ്പുക. നമ്മുടെ രീതിപ്രകാരം കുബ്ബൂസ്, ചപ്പാത്തി, പൊറോട്ട തുടങ്ങിയവയുടെ കൂടെ കഴിക്കാം.