വാരാണസിയിൽ പുലർച്ചെ 2 മണിക്ക് മാത്രം തുറക്കുന്ന ഒരു കട; ഛോലെ പാപ്ഡി കഴിക്കാൻ ഇവിടെ എത്തുന്നത് ജനസാഗരം
text_fieldsവാരാണസിയിലെ തെരുവുളിൽ ലഭിക്കുന്ന ഭക്ഷണ സംസ്കാരം സമയത്തിന്റെ ചട്ടക്കൂടുകൾക്ക് അതീതമാണ്. നഗരത്തിന്റെ രാത്രി വൈകിയുള്ള ജീവിതത്തിൽ ആളുകളെ ആകർഷിക്കുന്ന അത്തരം ഒരു പുതിയ വൈറൽ സ്റ്റാളിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരു ഫുഡ് ക്രിയേറ്റർ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ അപൂർവ്വമായ കടയും അവിടത്തെ രുചിക്കൂട്ടുകളും പുറംലോകം അറിയുന്നത്. പുലർച്ചെ 2 മണി മുതൽ 6 മണി വരെ മാത്രം പ്രവർത്തിക്കുന്ന ഈ ചെറിയ തട്ടുകടയിൽ ഛോലെ പാപ്ഡി കഴിക്കാൻ രാത്രി മുഴുവൻ ആളുകളുടെ വലിയ തിരവാണ് അനുഭവപ്പെടുന്നത്.
കടയിലെ സ്പെഷ്യൽ വിഭവമായ ഛോലെ പാപ്ഡിയുടെ തയാറെടുപ്പും ഏറെ കൗതുകകരമാണ്. കടയുടമയായ വയോധികൻ ഒരു പേപ്പർ പ്ലേറ്റിൽ ആവശ്യത്തിന് ഛോലയും (കടലക്കറി), അതിനു മുകളിലായി പൊടിച്ചെടുത്ത പാപ്ഡിയും വിളമ്പുന്നു. അതിനുമുകളിൽ വീണ്ടും കുറച്ചു ഛോലയും വിവിധ മസാലപ്പൊടികളും ചേർത്ത് ഒപ്പം അരിഞ്ഞ ഉള്ളിയും പച്ചമുളകും കൂടി നൽകുന്നതോടെ രുചികരമായ ഛോലെ പാപ്ഡി തയാറാകുന്നു.
വെറും 20 രൂപ മാത്രമാണ് ഈ ഒരു പ്ലേറ്റ് ഛോലെ പാപ്ഡിയുടെ വില. വാരാണസിയിലെ നദേസറിലുള്ള താജ് ഹോട്ടലിന് സമീപം രാജാ ബസാറിലാണ് ഈ തട്ടുകട പ്രവർത്തിക്കുന്നത്. കുട്ടിക്കാലം മുതൽ ഇവിടെ വന്നു കഴിക്കുന്നവരുൾപ്പെടെ നിരവധി പേരാണ് ഈ വയോധികന്റെ കടയെക്കുറിച്ചും ഇവിടുത്തെ രുചിയെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്.


