കേക്കിൽ കൃത്രിമം വേണ്ട; പിടിവീഴും
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കായുള്ള കേക്കിലും വിഭവങ്ങളിലുമുണ്ടായേക്കാവുന്ന കൃത്രിമം പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളിൽ വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള പരിശോധന 20 ആരംഭിക്കും. ജില്ലയിൽ അഞ്ചു സ്ക്വാഡുകളായാണ് പരിശോധന നടത്തുക. ആവശ്യമെങ്കിൽ കൂടുതൽ സ്ക്വാഡിനെ വിന്യസിക്കും. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്കായുള്ള വിഭവങ്ങളുടെ നിർമാണ യൂനിറ്റുകളിലും വിൽപനശാലകളിലുമാണ് പ്രധാനമായും പരിശോധന നടക്കുക. ബാറുകളിലും പരിശോധനയുണ്ടാവും.
കേക്ക് കേടാവാതെയിരിക്കാൻ അനുവദിക്കപ്പെട്ടതിലും അളവിൽകൂടുതൽ പ്രിസർവേറ്റീവ്സ്, കളർ എന്നിവ ചേർക്കൽ, ചേരുവകളുടെ ഗുണനിലവാരം തുടങ്ങിയവ പരിശോധിക്കും. ബേക്കറികളിലും കേക്ക് നിർമാണ യൂനിറ്റുകളിലും പരിശോധന കർശനമാക്കും. രാത്രികാലങ്ങളിൽ തട്ടുകടകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഭക്ഷ്യവിൽപനശാലകൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാവും. അതിരാവിലെയും രാത്രിയിലുമായി രണ്ട് സംഘങ്ങളായാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുക. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയിൽ കൃത്രിമം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിച്ചു.
ബ്രഡ് ഉൽപന്ന നിർമാണശാലയിൽ കർശന പരിശോധന
പയ്യോളി: ബ്രെഡ് ഉൽപന്ന നിർമാണശാലയിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കർശന പരിശോധന. പയ്യോളി ടൗണിന് സമീപം ഐ.പി.സി റോഡിൽ പ്രവർത്തിക്കുന്ന ‘ഷെറിൻ ഫുഡ് പ്രൊഡക്ട്സ്’ എന്ന ബ്രഡ് ക്രംബ്സ് നിർമാണ യൂനിറ്റിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യോൽപന്ന നിർമാണത്തിനായി ശേഖരിച്ചുവെച്ച ഉപയോഗശൂന്യമായതും പഴകിയതും ഫംഗസ് ബാധയുള്ളതുമായ അസംസ്കൃത വസ്തുക്കളാണ് സംഘം കണ്ടെത്തിയത്.
സംസ്ഥാനത്തിനകത്തും പുറത്തുനിന്നും എത്തിക്കുന്ന കാലാവധി കഴിഞ്ഞ ബ്രെഡ്, ബൺ, മിക്സ്ചർ, റസ്ക്, ചപ്പാത്തി, പൊറോട്ട തുടങ്ങി പഴകിയതും കേടുവന്നതും പൂപ്പൽ പടർന്നതുമായ ഭക്ഷ്യോൽപന്നങ്ങൾ ഡ്രയറിൽ പ്രത്യേക അളവിൽ ചൂടാക്കി പൊടിച്ചെടുത്താണ് ഇവിടെ ബ്രെഡ് ക്രംബ്സ് നിർമിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഗുണനിലവാരമില്ലാത്തതും പൂപ്പൽ ബാധിച്ചതുമായ ഏകദേശം 3000 കിലോഗ്രാം ബ്രെഡ് ക്രംസ്, 500 കിലോഗ്രാം ചപ്പാത്തി, ബൺ, ബ്രെഡ് തുടങ്ങിയവ സ്ഥാപനത്തിൽ നിന്ന് കണ്ടെത്തി.
സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കുന്നതോടെ ക്രിമിനൽ കോടതിയിലേക്കുള്ള നിയമനടപടികൾ ആരംഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഫുഡ് ആൻഡ് സേഫ്റ്റി കൊയിലാണ്ടി സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ ഡോ. വിജി വത്സൻ, ബാലുശ്ശേരി സർക്കിൾ ഫുഡ് ആന്റ് സേഫ്റ്റി ഓഫിസർ പി.ജി. ഉന്മേഷ്, പയ്യോളിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.


