വിജയത്തിന്റെ രുചിക്കൂട്ടൊരുക്കി നാൽവർ സംഘം
text_fieldsഅടിമാലി ആയിരമേക്കർ ഡ്രീംസ് ഫുഡ് പ്രോഡക്ട് യൂനിറ്റ് അംഗങ്ങൾ
വിജയത്തിന്റെ രുചിക്കൂട്ട് ഒരുക്കുകയാണ് കുടുംബശ്രീ പ്രവർത്തകരായ വനിതകൾ. അടിമാലി ആയിരമേക്കറിൽ ഡ്രീംസ് എന്ന പേരിൽ ഫുഡ് പ്രോഡക്ട് യൂനിറ്റ് തുടങ്ങി വിജയം വരിച്ചിരിക്കുകയാണ് ഈ നാൽവർ സംഘം.
ആരോഗ്യകരമായ ഭക്ഷണം എല്ലാ വീടുകളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ചെറിയ രീതിയിൽ തുടങ്ങിയ ഭക്ഷ്യനിർമാണ യൂനിറ്റിന്റെ രുചിപ്പെരുമ സ്വന്തം നാട് കടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തിയിരിക്കുന്നു. അടിമാലി ആയിരമേക്കർ സ്വദേശിനികളായ ബിനു ജയ്സ്, ഹാജറ സലിം, ജ്യോത്സന, അമ്പിളി എന്നിവരാണ് വിജയത്തിന്റെ രുചിക്കൂട്ട് ഒരുക്കുന്നത്.
ജാക് ഫ്രൂട്ട് പൗഡർ, ചിപ്സ്, ബനാന ചിപ്സും പൗഡറും, റാഗി പൗഡർ, പാലപ്പം മിക്സ്, വട്ടയപ്പം മിക്സ്, ഇഡ്ഡലി മിക്സ്, ഗോതമ്പ് സ്റ്റീം പുട്ട് പൊടി, അരി സ്റ്റീം പുട്ടുപൊടി, അപ്പം, ഇടിയപ്പം, പത്തിരി പൊടികൾ എന്നിവയാണ് ഇവർ നിർമിക്കുന്നത്.
ഇതിനുപുറമെ പുറമെ ബേക്കറി കടകളിലും ചായക്കടകളിലും വട്ടയപ്പം, കോഴിക്കോട്ട, ഇഡ്ഡലി, ഇടിയപ്പം എന്നിവയും നേരിട്ട് തയാറാക്കി എത്തിക്കുന്നു. ഉൽപന്നങ്ങൾക്ക് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തുകയെന്നതാണ് പ്രധാനമെന്ന് ഇവർ പറയുന്നു. ഇതോടെ ആവശ്യക്കാരും ഏറി.
വിജയകരമായ രണ്ടാം വാർഷികം ആഘോഷിക്കുകയാണ് ഈ വനിതാ കൂട്ടായ്മ ഇപ്പോൾ. കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ആവശ്യക്കാർ ഉണ്ടെങ്കിലും എത്തിച്ച് നൽകാൻ പ്രയാസമാണെന്ന് ഇവർ പറയുന്നു.