ചായക്കൊപ്പം `കടി' ഫുട്ബാൾ
text_fieldsകരുവാരകുണ്ട് പള്ളിപ്പടിയിലെ ചായക്കട വിവിധ ടീമുകളുടെ വർണമണിഞ്ഞപ്പോൾ
കരുവാരകുണ്ട്: സുധീറിന്റെ ചായമക്കാനിയിൽനിന്ന് ഇനി പറക്കുക ലോകകപ്പിന്റെ ആവി. ഒന്നല്ല, നാല് ടീമുകളുടെ ഫാൻസുകാരുടെ പിടിയിലാവും ഒരുമാസക്കാലമിനി ഈ കൊച്ചുകട. കരുവാരകുണ്ട് കേമ്പിൻകുന്ന് പള്ളിപ്പടിയിൽ ആകെ ഒരുകടയേ ഉള്ളൂ. അത് ഓടുമേഞ്ഞ കെട്ടിടത്തിലെ പാലപ്ര സുധീറിന്റെ ഉടമസ്ഥതയിലുള്ള ചായക്കടയും പലചരക്ക് കടയുമാണ്.
കുട്ടികളും യുവാക്കളും വയോധികരുമെല്ലാം കളിക്കമ്പം പങ്കുവെക്കുന്നത് ഇവിടുത്തെ ടി.വിയുടെ മുന്നിൽ കൂടിയിരുന്നാണ്. ലോകകപ്പ് ഫുട്ബാൾ മേള പടിക്കലെത്തിയതോടെ അർജന്റീനക്കാരും ബ്രസീലുകാരും ഇതങ്ങ് ഏറ്റെടുത്തു.
ഇതോടെ ഫ്രാൻസുകാരും ഇംഗ്ലണ്ടുകാരും ഒപ്പംകൂടി. ആവേശം മൂത്ത ഫാൻസുകാർ തങ്ങളുടെ ടീമുകളുടെ നിറം പകർന്ന് കടയുടെ ചുമർ കമനീയവുമാക്കി. അങ്ങനെ പള്ളിപ്പടിയിലെ ചായക്കട ആവേശക്കടലിലായി. ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18ന് ആവേശക്കപ്പുയരുമ്പോൾ അവരോടൊപ്പം തുള്ളിച്ചാടാൻ ആർക്കാണാവുക എന്ന് ബെറ്റ് വെച്ച് കാത്തിരിക്കുകയാണ് പള്ളിപ്പടിയിലെ കാൽപ്പന്താവേശക്കാർ.


